ഗ്രൗണ്ട് തരുന്നവര്‍ക്ക് വോട്ട്​; പേര്യയിലെ യുവാക്കളുടെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച ഗ്രൗണ്ട്

കല്‍പറ്റ: നാട്ടിലെ ചെറുപ്പക്കാര്‍ക്ക് കളിക്കാനായി ഒരു പൊതു കളിസ്ഥലം വേണമെന്നതാണ് ഇത്തവണ പേര്യയിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച. ഗ്രൗണ്ട് നിര്‍മിച്ചു നല്‍കുന്ന സ്ഥാനാര്‍ഥിക്ക് രാഷ്​ട്രീയം പരിഗണിക്കാതെ വോട്ട് ചെയ്യാമെന്ന ഉറപ്പാണ് 250ഓളം യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘം മുന്നണികള്‍ക്ക് മുമ്ബാകെ വെച്ചത്.

ജില്ലയിലെ മികച്ച ഫുട്ബാള്‍ താരങ്ങളെയും ക്രിക്കറ്റ് കളിക്കാരെയും സംഭാവന ചെയ്ത പേര്യയില്‍ ഒരു ഗ്രൗണ്ട് വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഗ്രൗണ്ട് നല്‍കുന്ന സ്ഥാനാര്‍ഥിക്കാണ് വോട്ടു നല്‍കുക എന്ന തീരുമാനത്തിലാണ് നാട്ടിലെ യുവാക്കളും അവരുടെ കുടുംബങ്ങളും.

ചുരുക്കത്തില്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ വാര്‍ഡില്‍ ആരു ജയിക്കണമെന്ന് തീരുമാനിക്കുന്നത് കളിസ്ഥലത്തിനായി സംഘടിച്ച ഈ യുവാക്കളായിരിക്കും. പ്രദേശത്തെ യു.പി സ്കൂളിനോട് ചേര്‍ന്ന കുന്നുംപുറത്തെ ചെറിയ കളിസ്ഥലമാണ് ആകെയുള്ള മൈതാനം. തൊട്ടപ്പുറത്തെ ഹൈസ്കൂളിനുപോലും ഗ്രൗണ്ടില്ല. ഗ്രൗണ്ട് ഉറപ്പുനല്‍കുന്ന സ്ഥാനാര്‍ഥിക്ക് രാഷ്​ട്രീയം നോക്കാതെ വോട്ട് ചെയ്ത് വിജയിപ്പിക്കാമെന്ന് യുവാക്കളുടെ കൂട്ടായ്മ പാര്‍ട്ടികളെ അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികളായ റാഷിദും ജലീലും പറയുന്നു. പാര്‍ട്ടികളൊന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ട് നോട്ടക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും യുവാക്കള്‍ മുന്നണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *