സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി രൂപ തട്ടിയെടുത്ത മേല്‍നോട്ടക്കാരന്‍ അറസ്റ്റില്‍. ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന തപസ് ഘോഷ് (49) ആണ് പിടിയിലായത്. ഇയാളെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.
സിവില്‍ ലൈന്സില് ആകാശവാണി സ്ക്വയറിലുള്ള സീസണ്‍സ് ലോണ്‍ ബോബ്ഡെ കുടുംബത്തിന്റേതാണ്. ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. കല്യാണം, റിസപ്ഷനുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ഇവിടം വാടകയ്ക്കു നല്‍കാറുണ്ട്. തപസ് ഘോഷായിരുന്നു ഇതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇതിനിടെ പല തവണ തപസ് ഘോഷ് പണം തട്ടിച്ചു. ഇത് ബോധ്യപ്പെട്ട മുക്ത ബോബ്ഡെ സാമ്ബത്തിക വഞ്ചനയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് വര്‍ഷത്തിനിടെ തപസ് ഘോഷ് 2.5 കോടി രൂപ തട്ടിച്ചതായി ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
