നിലമ്ബൂരില്‍ പി വി അന്‍വര്‍ എം.എല്‍.എക്ക് നേരെ കയ്യേറ്റമെന്ന്‌ പരാതി: വധശ്രമമെന്ന് എം.എല്‍.എ

മലപ്പുറം: നിലമ്ബൂരില്‍ ഇന്നലെ രാത്രി പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ കയ്യേറ്റശ്രമം നടന്നതായി പരാതി. രാത്രി 11 മണിയോട് കൂടി മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

അതേ സമയം തനിക്കെതിരെ വധശ്രമമുണ്ടായതായി എം.എല്‍.എ ആരോപിച്ചു. രണ്ടിടത്ത് വെച്ച്‌ അക്രമികള്‍ തന്നെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പി.വി അന്‍വര്‍ പറയുന്നു.

അക്രമി സംഘം ഭീഷണി മുഴക്കിയെന്നും അപ്പന്‍കാപ്പ് കോളനിയില്‍ പോയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. മുണ്ടേരി കവലയില്‍ വച്ചാണ് യുഡിഎഫുകാര്‍ തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് പരാജയ ഭീതിമൂലമുള്ള പ്രകോപനമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എ ഈ സമയത്ത് കോളനിയിലെത്തിയത് ദുരുദ്ദേശ്യത്തോടെയാണ് എന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആരോപണം. ആദ്യം രണ്ടുപേര്‍ ബൈക്ക് കുറുകെയിട്ട് എം.എല്‍.എയുടെ വാഹനം തടയുകയായിരുന്നു. പിന്നീടാണ് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും എം.എല്‍.എക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടാകുകയും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *