യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കും പോയി, മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ ബിജെപിയിലേക്കും പോയി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് മാത്രമാണ് ലഭിക്കുക. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുകയാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് നേടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെപിസിസിയുടെ കാര്യത്തില്‍ ലീഗ് യാതൊരു അഭിപ്രായവും പറയാറില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഡിഎഫിന്റെ ആത്മവിശ്വാസത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് ഇടതുമുന്നണി വല്ലാതെ അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല. നിയമസഭ തിരഞ്ഞെടുപ്പിലാണ് ഭരണവിരുദ്ധ വികാരം കൃത്യമായി കാണാന്‍ പോകുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞു എന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വിലകുറഞ്ഞതാണ്.

സാഹചര്യത്തിനനുസരിച്ച്‌ മുഖ്യമന്ത്രി വര്‍ഗീയ കാര്‍ഡുകള്‍ മാറ്റി കളിക്കുന്നു. ചില സമയത്ത് ഭൂരിപക്ഷ വര്‍ഗീയ കാര്‍ഡും ചില സമയത്ത് ന്യൂനപക്ഷ വര്‍ഗീയ കാര്‍ഡും ഇറക്കുന്നു. മറ്റൊരു പാര്‍ട്ടിയുടെ കാര്യത്തില്‍ ലീഗ് ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയും ഇടത് മുന്നണിയും തമ്മില്‍ സഹകരിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. “സിപിഎം വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അപ്രസക്തമെന്നത് കള്ളപ്രചാരണമാണ്. ബിജെപിയെ വളര്‍ത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നു എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വളരെ ചീപ്പായി പോയി. യുഡിഎഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടേണ്ട,” ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെ കുറിച്ച്‌ തങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *