പാലാ: തലയെടുപ്പുള്ള ഒരാനയെപ്പോലെ, പതിനായിരക്കണക്കിന് ആളുകള്‍ക്കൊപ്പമാണ് മാണി സി കാപ്പന് യുഡിഎഫിലേക്ക് വരുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലായില്‍ മാത്രമല്ല, അടുത്തുള്ള നിയമസഭാ സീറ്റുകളിലും കാപ്പന്റെ വരവ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല വലിപ്പമുള്ള കാപ്പന്, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നാന്ദിയാണ്. യാതൊരു സംശയവുമില്ല. ഐക്യജനാധിപത്യ മുന്നണി വിജയവീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാന്‍ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നു’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഇടതു മുന്നണിയില്‍ നിന്ന് ധാരാളം പേര് യുഡിഎഫിലേക്ക് വരുന്നുണ്ട്. ഗുരുവായൂരില്‍ വന്‍ സംഘം വന്നു. തിരുവനന്തപുരത്തെത്തുമ്ബോള് ഇനിയും വരും. സംശയം വേണ്ട. അടുത്തത് യുഡിഎഫിന്റെ ഭരണമാണ്. വ്യക്തമായ മാനിഫെസ്റ്റോ വച്ചാണ് യുഡിഎഫ് മുമ്ബോട്ടു പോകുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ല എന്നത് കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള നയമാണ്. അതു പിണറായി പറഞ്ഞതില്‍ സന്തോഷം. അതു പോലെ ശബരിമല നിയമം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാപ്പന്റെ വരവിനോട് അനുബന്ധിച്ച് വന്‍ സ്വീകരണമാണ് പാലായില്‍ ഒരുക്കിയിരുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നിത്തലയുടെ യാത്ര പാലായില്‍ എത്തുമ്ബോള്‍ ജാഥയുടെ ഭാഗമാകുമെന്നും കാപ്പന് അറിയിച്ചിരുന്നു. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല പി.ജെ ജോസഫ് തുടങ്ങിയവരും കാപ്പനെ സ്വീകരിച്ചു.
