കേരളത്തിന് വികസനക്കുതിപ്പേകുന്ന 6100 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

കൊച്ചി:കേരളത്തിന്റെയും ഇന്ത്യയുടെയും വികസനക്കുതിപ്പിന് പുത്തനുണര്‍വേകുന്ന വന്‍കിട പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം അമ്ബലമുഗളില്‍ ബി.പി.സി.എല്ലിന്റെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആര്‍.ഇ.പി) അനുബന്ധമായി സ്ഥാപിച്ച പി.ഡി.പി.പി., കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ തുറമുഖ ട്രസ്റ്റ് നിര്‍മ്മിച്ച ‘സാഗരിക’ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍ എന്നിവയുടെ കമ്മിഷനിംഗ് പ്രധാനമന്ത്രി നിര്‍വഹിച്ചു.

കേരളത്തിന്റെ വികസനത്തിന് ഊര്‍ജം പകരാന്‍ ഉതകുന്നതാണ് സമര്‍പ്പിക്കപ്പെട്ട പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ആധുനികമായിട്ടുള്ള റിഫൈനറികളിലൊന്നാണ് കൊച്ചി എണ്ണശുദ്ധീകരണശാല. അതേകൊച്ചിയില്‍ പുതിയൊരു സംരംഭം കൂടിയാണ് പെട്രോകെമിക്കല്‍ കോംപ്ളക്‌സിലൂടെ സാദ്ധ്യമാകുന്നത്. നാടിന്റെ സ്വയം പര്യാപ്‌തതയ‌്ക്കും, വിദേശനാണ്യശേഖരണത്തിനും ഇത് വഴിയൊരുക്കും. നിരവധി അനുബന്ധ വ്യവസായങ്ങളും, തൊഴില്‍ അവസരങ്ങളും സൃഷ്‌ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

റോ റോ പദ്ധതി യാഥാര്‍ത്യമാകുന്നതോടെ കൊച്ചിക്കാര്‍ക്ക് യാത്രാസമയം ഏറെ ലാഭിക്കാന്‍ കഴിയും. കരയിലൂടെയുള്ള 30 കിലോമീറ്റര്‍ യാത്ര വെറും മൂന്ന് കിലോമീറ്ററായി ചുരുങ്ങും. ‘സാഗരിക’ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍ കൊച്ചിന്‍ ടൂറിസത്തിന് വമ്ബന്‍ സാദ്ധ്യത തുറന്നുനല്‍കും. വര്‍ഷത്തില്‍ ഒരു ലക്ഷത്തിലേറെ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാന്‍ സാഗരികയ‌ക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംരംഭകരായ ചെറുപ്പക്കാര്‍ വിനോദ സഞ്ചാര മേഖലയ‌ക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതിനായി ചുറ്റുമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌, അതിന്റെ വികസന സാദ്ധ്യതകള്‍ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കേന്ദ്രസ‌ര്‍ക്കാര്‍ ഒരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ വിജ്ഞാന സാഗര്‍. നൈപുണ്യ വികസനത്തിന്റെ ഭാഗമാണ് വിജ്ഞാന സാഗര്‍ എന്ന പഠന കേന്ദ്രം. മറൈന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അനുഗ്രഹം തന്നെയാണ് വിജ്ഞാന സാഗര്‍ എന്നും മോദി കൂട്ടിച്ചര്‍ത്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, തുറമുഖ സഹമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. 6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രൊജക്‌ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകള്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എല്‍. നിലവില്‍, നിഷ് പെട്രോകെമിക്കലുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വര്‍ഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്‌സോ ആല്‍ക്കഹോള്‍സ് എന്നിവയാണ് പി.ഡി.പി.പിയില്‍ ഉത്പാദിപ്പിക്കുന്നത്. ഐ.ആര്‍.ഇ.പി 2019 ജനുവരിയില്‍ പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരുന്നു. റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആര്‍.ഇ.പിയുടെ നിര്‍മ്മാണഘട്ടത്തില്‍ 20,000 പേര്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭിച്ചു. ഐ.ആര്‍.ഇ.പിയില്‍ നിന്നാണ് പി.ഡി.പി.പി ക്ക് അസംസ്‌കൃത വസ്തുവായ പ്രൊപ്പീലിന്‍ ലഭ്യമാക്കുന്നത്.

കൊച്ചി തുറമുഖ ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ പൂര്‍ത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലിന്റെ നിര്‍മ്മാണച്ചെലവ് 25.72 കോടി രൂപയാണ്. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്. പുതിയ ടെര്‍മിനലില്‍ 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം. 12,500 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെര്‍മിനസില്‍ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സെക്യൂരിറ്രി കൗണ്ടറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും. കസ്റ്റംസ് ക്ലിയറിംഗും ഒരു കുടക്കീഴില്‍ തന്നെ പൂര്‍ത്തിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *