തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്‍പിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെയുളള സിപിഎം നേതാക്കളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. യുവാക്കളുടെ ഇത്തരം സമരത്തെ പിന്തുണച്ച ചരിത്രമാണ് മുന്‍പ് സിപിഎമ്മിനുളളത്. എന്നാല്‍ ഇപ്പോള്‍ നിയമന വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ തിരിയുകയാണ് സിപിഎം. മാത്രമല്ല അവരെ കലാപകാരികളായാണ് പാര്‍ട്ടി കാണുന്നത്. ധനകാര്യമന്ത്രി ഉള്‍പ്പടെ ഇത്തരത്തില്‍ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പളളി പറഞ്ഞു.
ബുധനാഴ്‌ച നടക്കുന്ന ക്യാബിനറ്റ് യോഗത്തില്‍ ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹാരം കണ്ടെത്താന്‍ വഴി വേണം. പുറംവാതില്‍ നിയമനമല്ല വേണ്ടത് അവരുമായി ചര്‍ച്ചയിലൂടെയുളള പ്രശ്‌നപരിഹാരമാണ്. അവരെ ശത്രുവായി കാണുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും മുല്ലപ്പളളി വിമര്‍ശിച്ചു. യുവാക്കളുമായി ചര്‍ച്ച നടത്താനുളള മാനസികാവസ്ഥ മുഖ്യമന്ത്രി കാണിക്കണമെന്നും അവരോട് ദുരഭിമാനമല്ല വേണ്ടതെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക് വീണ്ടും തളളി. ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുമായി മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറ് മാസം നീട്ടാനും എല്‍ജിഎസ് റാങ്ക്‌ലിസ്‌റ്റിന് ഒരുമാസം അധികകാലാവധി അനുവദിക്കാനും പ്രമോഷന്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം സര്‍ക്കാര്‍ സാധാരണ ചെയ്യുന്നതാണെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വാദം.
