തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനേജുമെന്റുകള്‍ക്കിടയില്‍ ഭിന്നത. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച രാത്രിയിലേക്ക് മാറ്റി. ചര്‍ച്ച നടന്നാലും ധാരണാ സാധ്യത മങ്ങി. ചില മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചക്കില്ലാതെ മടങ്ങി. ഫീസിന്റെ കാര്യത്തില്‍ ഇരട്ട നീതി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. 4.40 ലക്ഷം ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്നാണിവര്‍ പറയുന്നത്. ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ കോളെജില്‍ ഏകീകൃത ഫീസുണ്ട്. 4.40 ലക്ഷം രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങുന്നത്. ക്രിസ്ത്യന്‍ മാനേജുമെന്റുകളുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്കായതിനാല്‍ സര്‍ക്കാറിന് ഇതില്‍ നിന്ന് പിന്നോട്ട് പോവാനാവില്ല. ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊന്നുമെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗമെടുക്കുന്ന നിലപാട്. മെറിറ്റ് സീറ്റുകളിലെ 30 ശതമാനം സീറ്റുകളെക്കുറിച്ചാണ് മാനേജുമെന്റുകള്‍ അഭിപ്രായം പറഞ്ഞത്. നിലവില്‍ 1.85 ലക്ഷം രൂപയാണ് ഫീസ്. മാനേജുമെന്റുകള്‍ നേരിട്ട് നടത്തുന്ന 35 ശതമാനം പ്രവേശനങ്ങളും ചേര്‍ത്ത് 65 ശതമാനം സീറ്റുകളില്‍ 4.40 ലക്ഷം ഫീസാക്കണമെന്നാണ് ആവശ്യം.
