‘ ലോകത്തെ ഏറ്റവും മനോഹരമായ താറാവ് ‘ എന്ന് വിശേഷിപ്പിക്കുന്ന മാന്‍ഡരിന്‍ ഡക്കിനെ 119 വര്‍ഷങ്ങള്‍ക്ക് ശേഷം അസാമില്‍ കണ്ടെത്തി. ടിന്‍സുകിയ ജില്ലയിലാണ് ഈ അപൂര്‍വ കാഴ്ച കണ്ടത്. വളരെ അപൂര്‍വ പക്ഷിയായ മാന്‍ഡരിന്‍ ഡക്കിനെ പ്രദേശത്തെ ചതുപ്പുനിലത്തിലെ ജലാശയത്തില്‍ നീന്തി നടക്കുന്നതായാണ് കണ്ടെത്തിയത്.
കഴിഞ്ഞ ജൂണില്‍ ഓയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ ഒരു എണ്ണക്കിണറിലുണ്ടായ തീപിടിത്തം മഗൂരി – മൊടാപംഗ് ബീല്‍ എന്ന ഈ ചതുപ്പുനില പ്രദേശത്തെയും ബാധിച്ചിരുന്നു. ദേശാടന പക്ഷികളുടെ പറുദീസയാണ് ഇവിടം. എണ്ണക്കിണര്‍ സ്ഫോടനത്തിന്റെ ആഘാതം ഇവിടുത്തെ പക്ഷികളെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് മാന്‍ഡരിന്‍ ഡക്ക് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്.
വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ അടങ്ങിയ പക്ഷി നിരീക്ഷക സംഘമാണ് ഒരു നൂറ്റാണ്ടിന് ശേഷം അസാമില്‍ മാന്‍ഡരിന്‍ ഡക്കിനെ കണ്ടെത്തിയിരിക്കുന്നത്. കിഴക്കന്‍ ചൈന, തെക്കന്‍ ജപ്പാന്‍ എന്നിവിടങ്ങളിലാണ് മാന്‍ഡരിന്‍ ഡക്കുകളെ സാധാരണ കാണാന്‍ കഴിയുക. ഇപ്പോള്‍ ഇത് അസാമില്‍ എങ്ങനെ എത്തി എന്ന് പക്ഷിനിരീക്ഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല. മറ്റു ദേശാടന പക്ഷികള്‍ക്കൊപ്പം എത്തിയതാകാമെന്നാണ് വിലയിരുത്തല്‍.
മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാന്‍ഡരിന്‍ ഡക്കുകളുടെ ആവാസവ്യവസ്ഥ. മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്. മാന്‍ഡരിന്‍ ഡക്കുകള്‍ ഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നത് വളരെ അപൂര്‍വമാണ്. 1902ലാണ് അസാമില്‍ അവസാനമായി ഒരു മാന്‍ഡരിന്‍ ഡക്കിനെ കണ്ടത്. അസാമിലെ മാന്‍ഡരിന്‍ ഡക്കിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
