കോന്നി: കൂടല്‍ പുന്നമൂട്ടില്‍ അഞ്ചുവര്‍ഷം മുമ്ബ് സ്വകാര്യ വ്യക്തിക്ക് വിറ്റ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ കൈയേറാന്‍ ശ്രമിച്ചത് അധികൃതര്‍ തടഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പുന്നമൂട്ടില്‍ എ.വി.ടിയുടെ റബര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 14 അംഗ സംഘം ൈകയേറാന് ശ്രമിച്ചത്. രാത്രിയില്‍ ഇവിടെ എത്തിയവര്‍ കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിച്ച് കുടില്‍ കെട്ടുകയും പാചകം ചെയ്യുകയും ചെയ്തു.
കോന്നി തഹല്‍സിദാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, കൂടല്‍ പൊലീസ് എന്നിവര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തുകയും സമരക്കാരുമായി ചര്‍ച്ച നടത്തി ൈകയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. ഭൂമിയില്ലാതിരുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍, ഈ ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് ഇവര്‍ ൈകയേറാന് ശ്രമിച്ചത്.
സ്വകാര്യ വ്യക്തിയുടെ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ചേര്‍ന്നുകിടന്ന സ്ഥലത്ത് സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡ് കണ്ട് തെറ്റിദ്ധരിച്ച് ഭൂമി ൈകയേറിയതാകാനാണ് സാധ്യത എന്നും അധികൃതര്‍ പറയുന്നു. ഇവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച മൂന്നിന് കോന്നി താലൂക്ക് ഓഫിസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.
