ചെന്നിത്തലക്ക് കടലാസ് ഹാജരാക്കിയാല്‍ മതി, വിശ്വാസ്യത വേണമെന്നില്ല -എ. വിജയരാഘവന്‍

മലപ്പുറം: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച്‌ സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാല്‍ മതിയെന്നും വിശ്വാസ്യത വേണമെന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രതിക്ഷ നേതാവും മാധ്യമങ്ങളും നിരന്തരം ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുമുണ്ട്. വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പടച്ചുവിട്ട ശേഷം കേസ് കൊടുക്കാന്‍ പറയുന്ന സൂത്രങ്ങള്‍ നാട്ടില്‍ ചെലവാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മത്സ്യസംസ്കരണത്തിനാണ് ഭൂമി നല്‍കിയത്. ഈ വിഷയത്തില്‍ സര്‍ക്കാരാണ് പരിശോധന നടത്തേണ്ടത്. നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഭൂമിക്കച്ചവടക്കാരുടെ താല്‍പര്യം ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്‍.ഡി.എഫും സര്‍ക്കാരും പുലര്‍ത്തുണ്ട്. തെറ്റായ ഒരു പ്രവര്‍ത്തനവും ഇടത് സര്‍ക്കാര്‍ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണം അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് സാധാരണമാണ്. ആയ്യായിരവും പതിനായിരവും കോടിയുടെ ആരോപണങ്ങളാവും ഉന്നയിക്കുക. കോടികള്‍ക്ക് വിലയില്ലെന്ന് മനസിലാകുന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *