രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ഗാന്ധി ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. വടക്കന്‍ മുന്നേറ്റ വികസന യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു വിജയരാഘവന്‍. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മോഡിയുടെ സഹായം തേടുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും വിജയരാഘവന്‍ പറഞ്ഞു.
പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തിലെ സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നത്. കോണ്‍ഗ്രസ് – ബിജെപി ബന്ധം രാഹുല്‍ ഗാന്ധി മറച്ചുവെയ്ക്കുയാണ്. പുതുച്ചേരിയിലെ കാലുമാറ്റം തടയാന്‍ രാഹുല്‍ ഗാന്ധിക്കായില്ല. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടോ എന്നതിന് വരെ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ മറുപടി പറഞ്ഞിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികാലം ആവര്‍ത്തികരുതെന്നാണ് ജനങ്ങളുടെ ആഗ്രഹം. ആനാവശ്യ ആരോപണങ്ങള്‍കൊണ്ട് ജനവികാരം മാറ്റാനാവില്ല. കേരളത്തിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ നിരാകരിക്കും.
ആഴക്കടല്‍ മത്സ ബന്ധനവുമായി നടക്കുന്നത് അനാവശ്യ വിവാദമാണ്. ഉദ്യോഗസ്ഥന്‍ ഒരു എംഒയു ഒപ്പിട്ടു. അപ്പോഴത്തെ സാധ്യതകള്‍ പരിഗണിച്ച് ഒരു ധാരണാപത്രം ഒപ്പിടുന്നു. അതില്‍ നയപരമായും നിയമപരമായുമുള്ള സാധ്യതകള്‍ പിന്നീടാണ് സര്‍ക്കാര്‍ പരിശോധിക്കുക. അതില്‍ ഒരു നിലപാടും സര്‍ക്കാര്‍ എടുത്തിട്ടില്ലല്ലോ. പിന്നെന്തിനാണ് അതില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
ഇടത്പക്ഷ മുന്നണി നല്ല ഐക്യത്തിലാണ് പോകുന്നത്. എല്‍ഡിഎഫിന്റെ എല്ലാം സിറ്റിങ് സീറ്റാണ്. പുതിയ ആളുകള്‍ വന്നാല്‍ അവരെയും ഉള്‍ക്കൊള്ളും . ദീര്‍ഘകാലം ഒരാള്‍ക്ക് സീറ്റ് നല്‍കേണ്ട എന്ന നിലപാട് ഉണ്ട്. സ്ഥിരമായി ഒരിടത്ത് മത്സരിച്ച് മരിച്ച് പിരിയേണ്ട എന്ന നിലപാടാണ് ഉള്ളത്. മറ്റ് ഒരു സംസ്കാരം ഉണ്ടല്ലോ. അച്ഛന്‍ മത്സരിച്ച് പിന്നെ മകന് കൈമാറി സെഞ്ചറി അടിക്കുന്നത് വരെ സീറ്റ് കൊണ്ടുനടക്കല്‍. അത് പിന്തുടരാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവുമായി സംവാദം നടത്തേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസുകാരുമായി സംവാദം നടത്തിവരെ തോറ്റു നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എ വിജയരാഘവന്‍ പറഞ്ഞു.
