‘പുതുച്ചേരിയില്‍ നടന്നത്​ മഹാരാഷ്​ട്രയില്‍ നടക്കില്ല’; ബി.ജെ.പിയെ വെല്ലുവിളിച്ച്‌​ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ശിവസേന മുഖപത്രം സാമ്​ന. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്​-ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്​ട്രയില്‍ നടക്കില്ലെന്ന്​ സാംമ്​നയുടെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി.

മഹാരാഷ്​ട്ര സര്‍ക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ​ ഒരു സ്വപ്​നമായി തുടരും. കോണ്‍ഗ്രസ്​ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്​ട്രയെന്ന്​ ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്​സ്​ എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്​ത താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്​. ഒരുകാലത്ത്​ ആധിപത്യമുണ്ടായിരുന്ന ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്​ ഒന്നുമല്ലാതായെന്നും സാമ്​ന​ എഡിറ്റോറിയലില്‍ പറയുന്നു.

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ്​ സഖ്യമാണ് നിലവില്‍ മഹാരാഷ്​ട്ര ഭരിക്കുന്നത്​. തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി സഖ്യം മുന്‍തൂക്കം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സേന പിണങ്ങിപ്പിരിയുകയായിരുന്നു. ശിവസേനക്ക്​ 57ഉം എന്‍.സി.പിക്ക്​ 53ഉം കോണ്‍ഗ്രസിന്​ 44ഉം എം.എല്‍.എമാരാണുള്ളത്​. ബി.ജെ.പിക്ക്​ തനിച്ച്‌​ 105 എം.എല്‍.എമാരുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *