ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാമെന്ന് ഉത്തരവിട്ട് യു.കെ കോടതി. ഇന്ത്യന്‍ ജയിലുകള്‍ മോശമാണെന്നതടക്കമുള്ള വാദങ്ങള്‍ തള്ളിയാണ് കോടതിയുടെ വിധി.
ഇന്ത്യയ്ക്ക് വിട്ടുനല്‍കിയാല്‍ നീരവ് മോദിക്ക് നീതി ലഭിക്കില്ലെന്നതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസ് ശക്തമാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കം തട്ടിപ്പിനു കൂട്ടുനിന്നവരുമായി നീരവ് മോദിക്ക് ബന്ധമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിഴല്‍ കമ്ബനികളെയും ഡമ്മി പങ്കാളികളെയും കാട്ടി, തിരിച്ചുനല്‍കാമെന്ന വാഗ്ദാനത്തോടെയാണ് നീരവ് മോദി വായ്പ കൈപ്പറ്റിയതെന്നും കോടതി പറഞ്ഞു.
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നീരവ് മോദിയെ വിട്ടുകിട്ടുന്നതിന്റെ കേസ് നടക്കുന്നത്. വാന്‍ഡ്‌സ്‌വെര്‍ത്ത് ജയിലിലുള്ള നീരവ് മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായി.
