കോടികളുടെ വീട്ടിമരം ​കൊള്ള തകര്‍ത്തത്​​ റെയിഞ്ച് ഓഫിസര്‍ എം.കെ. സമീര്‍; അഭിനന്ദനവുമായി വയനാട്​ പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: വയനാട്ടിലെ കോടികളുടെ വീട്ടിമരം കൊള്ളയുടെ ഗൂഢാലോചന തകര്‍ത്ത മേപ്പാടി റെയിഞ്ച് ഓഫിസര്‍ എം.കെ. സമീറിന്​ അഭിനന്ദനവുമായി വയനാട്​ പ്ര​കൃതി സംരക്ഷണ സമിതി. അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫിസറാണ് അത്യുന്നതര്‍ക്ക് പങ്കുള്ള മരംവെട്ട് റാക്കറ്റിന്‍റെ ബലൂണില്‍ സൂചി കയറ്റിയതെന്ന്​ സമിതി ചൂണ്ടിക്കാട്ടി.

വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്തെ പതിനായിരം കോടി രൂപ വിലമതിക്കുന്ന വീട്ടിമരങ്ങള്‍ നിയമവിരുദ്ധമായി മുറിച്ച്‌​ കടത്താനുള്ള നീക്കമാണ് സമീറിന്‍റെ ഇടപെടലിലൂടെ​ തടയപ്പെട്ടത്​. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയിഞ്ചിലാണ്​ മരക്കൊള്ളക്ക്​ കളമാരുക്കിയിരുന്നത്​. മരംമുറിക്കുന്നതിന്​ റോജി അഗസ്റ്റിന്‍ എന്നയാള്‍ അടക്കം അടക്കം 25 പേര്‍ പാസിനായി രണ്ടു മാസം മുന്‍പ് അപേക്ഷിച്ചിരുന്നു. അന്നുണ്ടായിരുന്ന റെയിഞ്ച്​ ഓഫിസര്‍ അപേക്ഷയില്‍ തീരുമാനമെടുത്തില്ല. ജനുവരി ആദ്യം ചുമതലയേറ്റ എ.കെ. സമീര്‍ അപേക്ഷ നിരസിച്ചു. പാസ്സ് നല്‍കുന്നതിന് വലിയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പാസ് നിഷേധിച്ചതോടെയാണ്​ വീട്ടിമരക്കൊള്ള പുറംലോകമറിഞ്ഞത്.

പെരുമ്ബാവൂരിലേക്ക് കടത്തിയ 50 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടി സമീര്‍ പിടിച്ചെടുത്ത് കണ്ടു കെട്ടിയതും വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ഉണ്ടായ ഏറ്റവും ആസൂത്രിതവും സുസംഘടതവുമായ ഗൂഢാലോചനയാണ് തുടര്‍ന്ന് അനാവരണം ചെയ്യപ്പെട്ടതെന്ന്​ പ്രകൃതി സംരക്ഷണ സമിതി ഫേസ്​ബുക് ​കുറിപ്പില്‍ പറഞ്ഞു.

ഫേസ്​ബുക് ​കുറിപ്പിന്‍റെ പൂര്‍ണരൂപം

വയനാട്ടിലെ കോടികളുടെ വീട്ടിമരം കൊള്ളയുടെ ഗൂഢാലോചന തകര്‍ത്ത റെയിഞ്ച് ഓഫീസര്‍ സമീറിന്ന് പൂച്ചെണ്ടുകള്‍.
കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന മരം കുംഭകോണം രണ്ടാം ഇ. എം .എസ്സ് മന്ത്രിസഭയിലെ എം.കെ.കൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. കക്കി മരം കുംഭകോണമെന്നാണ് അതറിയപ്പെടുന്നത്. കേരള സംസ്ഥാനം ഇന്നു വരെ കണ്ട ഏറ്റവും വലിയ മരം വെട്ടു് ഗൂഢാലോചന ഈ മാസമാദ്യം വയനാട്ടില്‍ തകര്‍ന്നു വീണു. എം.കെ സമീര്‍ എന്നു പേരുള്ള അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫീസറാണ് അത്യുന്നതര്‍ക്ക് പങ്കുള്ള ഈ മരംവെട്ട് റാക്കറ്റിന്‍്റെ ബലൂണില്‍ സൂചി കയറ്റിയത്.ഫെബ്രുവരി മാസം ആദ്യമാണ് വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്ത് വീട്ടിമരങ്ങള്‍ നിയമവിരുദ്ധമായി മുറിക്കുന്ന വിവരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയുന്നത്. മരം മുറിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചയാണ്.വാഴവറ്റ കൂടാതെ ആവിലാട്ടു കുന്ന് , കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശത്തെ സാധാരണക്കാരായ കര്‍ഷകരുടെ പറമ്ബുകളില്‍ തലങ്ങും വിലങ്ങും കൂറ്റന്‍ വീട്ടിമരങ്ങള്‍ മുറിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് ഞങ്ങള്‍ അമ്ബരന്നു. അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ളവയടക്കമുണ്ട് മുറിച്ചിട്ടവയുടെ കൂട്ടത്തില്‍ .
ആദിവാസി ഗോത്ര വിഭാഗത്തില്‍ പെട്ട രവിയുടെ പറമ്ബില്‍ 5 മരങ്ങള്‍ മുറിച്ചിട്ടിരുന്നു. ഏതാണ്ട് 5 ലക്ഷം രൂപ വിലവരുന്ന രവിയുടെ മരത്തിന് 20000 രൂപയാണ്​ വില നിശ്ചയിച്ചത്. 5000 രൂപ അഡ്വാന്‍സ് കൊടുത്താണ് മരം മുറിച്ചത്. പോടായിപ്പോയതിനാല്‍ ബാക്കി തരില്ലെന്നും പറഞ്ഞു. വാഴവറ്റയിലെ റോജി അഗസ്റ്റിന്‍ എന്നയാളാണ് മരം വാങ്ങിയതെന്നും രവി പറഞ്ഞു.ഈ പ്രദേശത്തെ 35 ഓളം വരുന്ന ഉടമകളില്‍ നിന്നും കോടികള്‍ വിലവരുന്ന 300 ലധികം വീട്ടികള്‍ മുറിച്ചിട്ടതായും മനസ്സിലായി.

സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയിഞ്ചില്‍ പെട്ട സ്ഥലങ്ങളാണിത്. റോജി അഗസ്റ്റിന്‍ അടക്കം 25 പേര്‍ വീട്ടിമരം മുറിക്കാനുള്ള പാസ്സിനായി രണ്ടു മാസം മുന്‍പ് അപേക്ഷിച്ചിരുന്നു. റിട്ടയര്‍മെന്‍്റ് സമയമടുത്ത അന്നുണ്ടായിരുന്ന റെയിഞ്ചാപ്പീസര്‍ അപേക്ഷയില്‍ തീരുമാനമെടുത്തില്ല. ജനുവരി ആദ്യം ചുമതലയേറ്റ എ കെ.സമീര്‍ അപേക്ഷ നിരസിച്ചു.പാസ്സ് നല്‍കുന്നതിന്ന് വലിയ സമ്മര്‍ദ്ദം അയാളില്‍ ഉണ്ടായെങ്കിലും വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല സമീര്‍.

സമീര്‍ പാസ്സ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പുറംലോകം വീട്ടിമരക്കള്ളവെട്ട് അറിയുന്നത്.സമീര്‍ പോലും നിനക്കാത്ത , കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ഉണ്ടായ ഏറ്റവും ആസൂത്രിതവും സുസംഘടതുമായ, സുദീര്‍ഘ ഗൂഢാലോചനയാണ് തുടര്‍ന്ന് അനാവരണം ചെയ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാറിന്‍്റെ പതിനായിരം കോടി രൂപയുടെ സ്വത്ത് ഒരു മാഫിയ സംഘം കൊള്ളയടിക്കുന്നതാണ് തടയപ്പെട്ടത്. ഐ. യും .സി .എന്‍ ചുവപ്പ് ഡാറ്റാബുക്കില്‍ വംശനാശ ഭീഷണിയുള്ളതായി രേഖപ്പെടുത്തിയതും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നതും വയനാട്ടില്‍ വന്‍ശേഖരം ഉണ്ടായിരുന്നതും ഇപ്പൊള്‍ ശുഷ്ക്കിച്ചു വരുന്നതുമായ, ലോകമെങ്ങും വന്‍ ഡിമാന്‍റുള്ള വീട്ടിമരങ്ങള്‍ ആണ് രക്ഷപ്പെട്ടത് .മറ്റു ജനുസ്സിലെ പതിനായിരക്കണക്കിന് മരങ്ങള്‍ വേറെയും.

കൊറോണ മഹാമാരിയെ തുടര്‍ന്ന് കേരളം അടച്ചിടലിലായ പോയ ഒരു വര്‍ഷം പരിസ്ഥിതി വിരുദ്ധ നിയമങ്ങളുടെ സുവര്‍ണ്ണകാലം കൂടി ആയിരുന്നുവല്ലോ? 2020 മാര്‍ച്ച്‌ മാസത്തില്‍ കേരള വനം പ്രിന്‍സപ്പിള്‍ സെക്രട്ടറി ഡോ.വേണു ഒപ്പിട്ട 3/137/2013 ഉത്തരവ് പുറത്ത് വന്നു. 1964ലെ കേരള ഭൂപതിവ് ചട്ടമണ്‍സരിച്ച്‌ പതിച്ചു കൊടുത്ത പട്ടയഭൂമിയില്‍ സര്‍ക്കാറില്‍ റിസര്‍വ്വ് ചെയ്ത ചന്ദനം, തേക്ക് ,വീട്ടി ,വെള്ള അകില്‍ , ചടച്ചി ,തേമ്ബാവ് , ചന്ദന വേമ്ബ് , ഇരുള്‍ , കമ്ബകം തുടങ്ങിയ 9 ജനുസ്സില്‍പെട്ട മരങ്ങളില്‍ ചന്ദനം ഒഴിച്ചുള്ളവയെല്ലാം പട്ടയദാര്‍മാര്‍ക്ക് മുറിക്കാമെന്നായിരുന്നു ഉത്തരവ്.

കേരളത്തില്‍ 15 ലക്ഷം ഏക്കറയോളം ഭൂമി അത്തരത്തിലുണ്ട്. അവയില്‍ ചുരുങ്ങിയത് 75 ലക്ഷം മരങ്ങളുണ്ട്. ചുരുങ്ങിയത് നാല്‍പ്പതിനായിരം കോടി രൂപ വില വരുമതിന്ന്. കര്‍ഷകര്‍ക്കു വേണ്ടി നിരന്തരം ശബ്ദിക്കാറുള്ള KM മാണി പോലും ആവശ്യപ്പെടാത്തതാണിത്. പട്ടയം കിട്ടിയ ശേഷം ഉണ്ടായ മരങ്ങള്‍ക്കേ കര്‍ഷകര്‍ അവകാശമുന്നയിച്ചിട്ടുള്ളൂ.കേരളത്തെ മരുഭ്രമിയാക്കാനും പശ്ചിമഘട്ട മലഞ്ചരിവുകളില്‍ വന്‍ പരിസ്ഥിതിദുരന്തമുണ്ടാക്കാനും ഇടവരുത്തുമായിരുന്ന ഈ ഉത്തരവിന്നു പിന്നില്‍ വയനാട്ടുകാരനായ റോജി അഗസ്ത്യന്‍്റയും രാഷ്ട്രീയക്കുപ്പായ മുള്ള അയാളുടെ അനിയന്‍്റെയും നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള മരം ലോബിയുമാണ് ചരടുവലിച്ചത്. പ്രതിപക്ഷമോ മാധ്യമങ്ങളോ കമാന്ന് മിണ്ടിയില്ല. നമ്മുടെ മിക്ക പരിസ്ഥിതി പ്രവര്‍ത്തകരും പ്രശനത്തിന്‍്റെ ഗൗരവം ബോധ്യപ്പെട്ടിട്ടും അനങ്ങിയില്ല. അപൂര്‍വ്വം ചിലര്‍ മാത്രമാണ് പ്രതികരിച്ചത്. വന്‍ സാമ്ബത്തിക തിരിമറി ഈ ഉത്തരവിന്നു പിന്നില്‍ വ്യക്തമായിരുന്നു എന്ന കാര്യം നിസ്തര്‍ക്കമത്രെ.

തൃശ്ശൂരിലെ ”ഒണ്‍ എര്‍ത്ത് ഒണ്‍ലൈഫ് ” എന്ന സംഘടനയുടെ ശ്രീ. ടോണി തോമസ്സ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രസ്തുത ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. ഇതിനെതിരെ മര മാഫിയ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയും പട്ടയം നല്‍കിയ ശേഷം സ്വയം കിളിര്‍ത്തു വന്നതും വെച്ചു പിടിപ്പിച്ചതുമായ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവാകുകയും ചെയ്തു.തുടര്‍ന്ന് റവന്യൂ സെക്രട്ടറി 27-11-20 20 ല്‍ പുതിയ ഉത്തരവിറക്കി.

ഏറെ വിചിത്രവും മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതും ആയ ഒരുത്തരവായിരുന്നു അത് .പട്ടയം ലഭിച്ച ശേഷം മുളച്ചു വന്നതും വച്ചുപിടിപ്പിച്ചതുമായ മരങ്ങള്‍ക്കൊപ്പം മരവിലയടച്ച റിസര്‍വ്വ് ചെയ്ത മരങ്ങള്‍ മുറിക്കാമെന്നു വ്യക്തമാക്കുന്ന ഉത്തരവില്‍ മരം മുറിക്കാന്‍ തടസ്സം നില്‍ക്കുന്നവരെ ശിക്ഷിക്കുമെന്ന താക്കീതും ഉണ്ട്. ഒരു സര്‍ക്കാര്‍ ഉത്തരവില്‍ ഇത്തരം ഭീഷണി മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതാണ്. മരറാക്കറ്റിന്ന് ഉന്നത ഉന്നതഉദ്യോഗസ്ഥരില്‍ ഉള്ള സ്വാധീനവും മരം മുറിക്കാന്‍ അവര്‍ക്കുള്ള അത്യുത്സാഹവും ഈ ഉത്തരവില്‍ പ്രകടമാണ്.

‌ ഈ ഉത്തരവ് ദുര്‍വ്യാഖ്യാനിച്ചാണ് കഴിഞ്ഞ രണ്ടു മാസമായി വയനാട് , തൃശ്ശൂര്‍ , ഇടുക്കി , പത്തനംതിട്ട ,തുടങ്ങിയ ജില്ലകളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ലോഭമില്ലാത്ത സഹകരണത്തോടെ വന്‍മരംമുറി അരങ്ങേറിയത്.

‌ മരം റാക്കറ്റിന്‍്റെ മുഖ്യ സൂത്രധാരനായ റോജി അഗസ്റ്റിന്‍ വയനാട് ആകെ വെളുപ്പിക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും ഇതിനിടയില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിരുന്നു. അയാള്‍ സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും ഇല്ലാത്ത മരഡെപ്പോയ്ക്ക് പ്രോപ്പര്‍ട്ടി മാര്‍ക്ക് റജിസ്ട്രേഷന്‍ സമ്ബാദിച്ചു. മരങ്ങള്‍ കടത്തിക്കൊണ്ടുപോകാനുള്ള ഫോറം 4 ഉം സമ്ബാദിച്ചു.
SBI അടക്കം വിവിധ ബാങ്കു തട്ടിപ്പുകള്‍ , വാഹന ഇന്‍ഷൂറന്‍സ് തട്ടിപ്പ് തുടങ്ങിയ കുപ്രസിദ്ധ തട്ടിപ്പുകള്‍ വിനോദവും ജീവിത ചര്യയുമാക്കിയ റോജി സഹോദരങ്ങള്‍ വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്വാധീനിച്ചു കഴിഞ്ഞിരുന്നു. വിചിത്ര ഉത്തരവിറക്കിയ തിരുവനന്തപുരത്തും വേണ്ടത്ര പിന്‍തുണ ഇയാള്‍ക്കുണ്ടായിരുന്നു.

വയനാട്ടിലെ പട്ടയഭൂമികളില്‍ സര്‍ക്കാര്‍ റിസര്‍വ്​ ചെയ്ത കൂറ്റന്‍ വീട്ടിമരങ്ങളിലാണ് ഇവരുടെ കഴുകന്‍ കണ്ണുകള്‍ ചുറ്റിക്കറങ്ങിയത്.വീട്ടിമരങ്ങള്‍ പശ്ചിമഘട്ട മലനിരകളിലെ ഉള്ളൂ. അതിന്‍്റെ വന്‍ശേഖരമുണ്ടായിരുന്നത് വയനാട്ടിലാണ്. വയനാടന്‍ വീട്ടിത്തടികള്‍ക്ക് ദേശാന്തര കീര്‍ത്തിയുണ്ട്. യൂറോപ്പിലാകെ വയനാടന്‍ വീട്ടിയുടെ പെരുമയുണ്ട്. 500 മുതല്‍ 1000ത്തിലധികം വര്‍ഷമുള്ള വീട്ടികള്‍ വയനാട്ടിലുണ്ട്. അവയില്‍ ഭൂരിഭാഗവും വിവിധ കാലങ്ങളില്‍ അന്യം നിന്നപ്പോയി എന്നത് മറ്റൊരു ദുരന്തം .വയനാട് എക്സ് സര്‍വ്വീസ്മെന്‍ കോളനൈസേഷന്‍ സ്കീമില്‍ പെട്ടതും റിസര്‍വ്വ് ചെയ്തതും ആയ മരങ്ങളും സര്‍ക്കാര്‍ കഴിഞ്ഞ 20 വര്‍ഷമായി മുറിച്ചു കൊണ്ടിരിക്കുകയാണ്.

സര്‍ക്കാറില്‍ നിക്ഷിപ്തമായ അനേകായിരം കോടി രൂപ വിലവരുന്ന തേക്ക് ,വീട്ടി, ചന്ദനം എന്നീ മരങ്ങളുടെ സംരക്ഷണച്ചുമതലവില്ലേജ് ആപ്പീസര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ളവര്‍ക്കാണ്. അവര്‍ എന്‍.ഒ.സി. നല്‍കിയാല്‍ മാത്രമെ സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ക്ക് വനം വകുപ്പ് ട്രാന്‍സിറ്റ് പാസ്സ് നല്‍കുകയുള്ളൂ. മരം മുറിക്കുന്നതിന്ന് മുന്‍പ് കട്ടിംഗ് പെര്‍മിഷന്‍ എടുക്കേണ്ടതുണ്ട്.

റോജി അഗസ്റ്റിന്‍ വീട്ടിമരങ്ങള്‍ വാങ്ങിയ പട്ടയദാര്‍മാരുടെ പേരില്‍ പെര്‍മിറ്റിനും പാസ്സിനുള്ള അപേക്ഷ നല്‍കുകയും വീട്ടിമരങ്ങള്‍ മുറിച്ച്‌ ചെത്തിമിനുക്കി കടത്തിക്കൊണ്ടുപോകാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പെരുമ്ബാവൂരിലെ മലബാര്‍ ടിമ്ബര്‍ എക്സ്പോര്‍ട്ടേഴ്സുമായി പതിനായിരം ക്യൂബിക്ക് മീറ്റര്‍ വീട്ടിത്തടി നല്‍കാനുള്ള കരാര്‍ ഒപ്പിടുകയും ഒന്നര കോടി രൂപ അസ്വന്‍സായി മീനങ്ങാടി ഫെഡറല്‍ ബാങ്ക് അക്കൌണ്ടിലൂടെ കൈപ്പറ്റുകയു ചെയ്തു. ഇത്രയും മരത്തിന്ന് ചുരുങ്ങിയത് 200 കോടി രൂപ വില വരും.

മേപ്പാടി റെയിഞ്ചാപ്പീസര്‍ പാസ്സ് നിഷേധിച്ചതിനെ തുടര്‍ന്ന് മരംമുറി അനധികൃതമാണെന്ന വിവരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയുകയും പത്രക്കുറിപ്പിലൂടെ വിവരം ബാഹ്യലോകം അറിയുകയും ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ 27-11-2020ലെ ഉത്തരവ് ഉടനടി റദ്ദാക്കുകയും ചെയ്തു .

അന്നു രാത്രി തന്നെ പെരുമ്ബാവൂരിലേക്ക് കടത്തിയ 50 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടി പെരുമ്ബാവൂരില്‍ നിന്നും സമീര്‍ പിടിച്ചെടുത്ത് കണ്ടു കെട്ടി. റയിഞ്ച് ഓഫിസര്‍ സമീറിന്നെതിരെ പ്രതികാര ദാഹം ആളി കത്തിയതിനെ തുടര്‍ന്ന് മര മാഫിയ അയാള്‍ക്കെതിരെ കള്ളക്കേസ്സെടുക്കാന്‍ വൃഥാ ശ്രമിച്ചു നോക്കി. ഗുണ്ടായിസവും പ്രയോഗിച്ചു. ബ്ലാക്ക് മെയിലിംഗ് പറ്റുമോ എന്നും നോക്കി. ഉന്നതരായ ചില വനം വകുപ്പ് ഉദഗസ്ഥരും റോജി അഗസ്റ്റിന്ന് വേണ്ടി സമീറിനെ ദ്രോഹിക്കാന്‍ തയാറായത് ഏറെ ദുഃഖകരമാണ്.

റവന്യൂ വകുപ്പും ജില്ല കലക്ടറും ഇപ്പോഴും വൃത്തികെട്ട കളികള്‍ തുടരുകയാണ്. ഒരു വില്ലേജ് ഓഫീസറെ സസ്പന്‍റ് ചെയ്ത് രക്ഷപ്പെടാനും റോജി അഗസ്റ്റിനെ രക്ഷിക്കാനുമാണ് ശ്രമം. അയാള്‍ക്കെതിരെ ആദിവാസികളെ വഞ്ചിച്ചതിനോ പൊതുമുതല്‍ മോഷ്ടിച്ചതിനോ കേസെടുത്തിട്ടില്ല. പൊലീസില്‍ കേസ്​ ബുക്ക് ചെയ്തിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചതിന്ന് PDPP ആക്‌ട് പ്രകാരം കേസ്സ് ബുക്ക് ചെയ്തിട്ടില്ല. മുറിച്ചിട്ട സര്‍ക്കാര്‍ മരങ്ങള്‍ കണ്ടു കെട്ടിയിട്ടില്ല. ഉത്തരവാദികള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ദോഷം പറയരുതല്ലൊ, റോജി വ്യാജരേഖകള്‍ നല്‍കി സമ്ബാദിച്ച പ്രോപ്പര്‍ട്ടി മാര്‍ക്കു റജിസ്ട്രേഷന്‍ പോലും ദ്ദൊക്കിയിട്ടില്ല.വയനാട്ടിലെ മരംകൊള്ളയുടെ അന്വേഷണം , വനം – റവന്യൂ വകുപ്പുകളിലെയും പൊലീസിലേയും ഉന്നത ഉദ്യാഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച്‌ അവരെ ഏല്‍പ്പിക്കണമെന്നാണ് പ്രക്രൃതി സംരക്ഷണ സമിതിയുടെ ആവശ്യം. വീട്ടിമരം കള്ളത്തടി വെട്ട് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിലും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കു പിന്‍തുണ നല്‍കുന്നതിലും മരലോബിക്കു വേണ്ടി വിടുവേല ചെയ്യുന്നവരെ തുറന്നു കാണിക്കുന്നതിലും വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ച ജാഗ്രത ശ്ളാഘനീയവും മാതൃകാപരവുമാണ്. എം.കെ.സമീറിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ വനം വകുപ്പിന്‍്റെ അഭിമാനമാണ്. അയാളുടെ ധൈര്യവും സ്ഥൈര്യവും പ്രതിബദ്ധതയും മാതൃകാപരമാണ്. ഇത്തരം വനപാലകരെ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സംരക്ഷിക്കുകയും അവര്‍ക്ക് പിന്‍തുണ നല്‍കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *