കോഴിക്കോട്: സീറ്റ് ചര്‍ച്ചകള്‍ സംസ്ഥാനതലത്തിലാണെങ്കിലും ജില്ലയില്‍ യു.ഡി.എഫിെന്റ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുകള്‍ പലതും സജീവം. 20 വര്‍ഷമായി കോണ്‍ഗ്രസിന് എം.എല്‍.എയില്ലാത്ത ജില്ലയില്‍ പാര്‍ട്ടി നേരത്തേ ഒരുക്കം തുടങ്ങിയിരുന്നു. യുവനിരക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം കോണ്‍ഗ്രസ് പട്ടികയിലുണ്ടാകും.
എ.ഐ.സി.സിയുടെ സര്‍വേ സംഘത്തിന് പുറമേ ജില്ല നേതൃത്വവും പട്ടിക തയാറാക്കിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ജില്ലയില്‍നിന്ന് പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം.പിമാരുെട വാക്കുകള്‍ക്കും കെ.പി.സി.സി പ്രാധാന്യം നല്‍കും. ഒറ്റക്കെട്ടാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഗ്രൂപ്സമവാക്യങ്ങളും പരിഗണിക്കും.
ബാലുശ്ശേരിയില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയുടെയും നാദാപുരത്ത് കെ. പ്രവീണ്‍ കുമാറിെന്റയും പേരുകളാണ് കോണ്‍ഗ്രസിെന്റ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉറപ്പായത്.
കോഴിക്കോട് നോര്‍ത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനാണ് മുന്‍തൂക്കം. രണ്ടു തവണ കോര്പറേഷന് കൗണ്‍സിലറായിരുന്ന വിദ്യയുടെ പേരാണ് എ.ഐ.സി.സിയുടെ സര്‍വേ സംഘം നിര്‍ദേശിച്ചത്. എ. പ്രദീപ് കുമാര്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ പുതിയ മുഖമെന്ന പരിഗണന വിദ്യക്ക് വോട്ടര്‍മാര്‍ നല്‍കുമെന്നാണ് നേതൃത്വത്തിെന്റ വിലയിരുത്തല്‍. ജില്ല നേതൃത്വത്തിെന്റയടക്കം നോര്‍ത്തിലെ പട്ടികയില്‍ െക.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തുമുണ്ട്.
യുവനേതാവായ അഭിജിത്തിന് കൊയിലാണ്ടി നല്കിയാല് കോഴിക്കോട് നോര്‍ത്തില്‍ വിദ്യ ബാലകൃഷ്ണന്തന്നെയാകും സ്ഥാനാര്‍ഥി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് െകായിലാണ്ടിയില്‍ അങ്കത്തിനിറങ്ങിയാല്‍ സ്ഥാനാര്‍ഥി പട്ടിക വീണ്ടും മാറിമറിയും. കൊയിലാണ്ടിയില്‍ കഴിഞ്ഞ തവണ തോറ്റ എന്‍. സുബ്രഹ്മണ്യന് കച്ചകെട്ടിയിട്ടുണ്ടെങ്കിലും സീറ്റ് കിട്ടാന്‍ സാധ്യത മങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ തവണ നാദാപുരത്ത് മികച്ച പോരാട്ടം നടത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി െക. പ്രവീണ്‍ കുമാര്‍ തോല്‍വിക്കു ശേഷം അഞ്ചുവര്‍ഷമായി മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രവീണിന് പാര്‍ട്ടിയുടെ പട്ടികയില്‍ എതിരാളികളില്ല.
സ്ഥലം എം.പിയായ കെ. മുരളീധരെന്റ ശക്തമായ പിന്തുണയുമുണ്ട്. കഴിഞ്ഞ തവണ ആദം മുല്‍സി മത്സരിച്ച ബേപ്പൂരില്‍ കെ.പി.സി.സി സെക്രട്ടറി പി. ഉഷദേവിയുടെ പേര് സാധ്യതാപട്ടികയിലുണ്ട്. ബാലുശ്ശേരിക്ക് പകരം ഈ മണ്ഡലം ലീഗിന് നല്‍കാനും സാധ്യതയുണ്ട്. എലത്തൂരില്‍ യുവനേതാവും ഡി.സി.സി സെക്രട്ടറിയുമായ നിജേഷ് അരവിന്ദിനെയും യു.വി. ദിനേശ് മണിയെയും പരിഗണിക്കുന്നു.
മുസ്ലിം ലീഗിെന്റ സിറ്റിങ് എം.എല്‍.എമാരായ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറും പാറക്കല്‍ അബ്ദുല്ലയും വീണ്ടും മത്സരിക്കും. തിരുവമ്ബാടിയില്‍ സി.പി ജോണിന് സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനമായിട്ടില്ല. വടകരയില്‍ ആര്.എം.പി നേതാവ് കെ.കെ. രമയെ യു.ഡി.എഫ് പിന്തുണച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിക്കുന്ന ചിലര്‍ വടകരയില്‍ മത്സരിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.
