മലപ്പുറം: മുസ്ലീം ലീഗ് വനിതകളെ തിരഞ്ഞെടുപ്പില്‍മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. പൊതുമണ്ഡലത്തില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കാമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പൊതുവിഭാഗത്തിലെ സീറ്റില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ തീരുമാനം മുസ്ലീം ലീഗിനെടുക്കാം.മറിച്ചു ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം കാത്തിരുന്ന്കാണണമെന്നും ലീഗിന് സമദ് പൂക്കോട്ടൂര്‍ മുന്നറിയിപ്പ് നല്കി.
മതസാമുദായിക സംഘടനകളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് ലീഗ് നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ 51% വനിതാ സംവരണം യാഥാര്‍ത്ഥ്യമായി പത്ത് വര്‍ഷം പിന്നിടുമ്ബോഴും തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ പ്രാതിനിധ്യം ഇപ്പോഴും തീരുമാനമാകാതെ നിലനില്‍ക്കുകയാണ്.
മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായും അവസാനമായും 1996ലാണ് വനിതാ സ്ഥാനാര്‍ത്ഥി നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്-2 ല്‍ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകള്‍ക്ക് തോറ്റിരുന്നു.
