ആഴക്കടല്‍ മത്സ്യബന്ധനം: വിവരങ്ങള്‍ നല്‍കിയത് ജാക്സണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ജാക്സണ്‍ പൊള്ളയിലാണ് ആഴക്കടല്‍ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയില്‍ വെച്ചായിരുന്നു ഇദ്ദേഹം ഇതേക്കുറിച്ച്‌ പറഞ്ഞതെന്നും ചെന്നിത്തല.

400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടി കരാര്‍ ഒപ്പിട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഇതേക്കുറിച്ച്‌ താന്‍ തന്നെ അന്വേഷണം നടത്തി. ഇ.എം.സി.സിക്കാര്‍ എന്നെ വന്ന് കണ്ടിട്ടില്ല. ഇ.എം.സി.സിക്കാര്‍ തന്നെ വന്ന് കണ്ട് അവരുടെ 5000 കോടിയുടെ പദ്ധതി പൊളിക്കാന്‍ ആവശ്യപ്പെടുമോയെന്ന് ചെന്നിത്തല ചോദിച്ചു. മുന്‍ പ്രൈവറ്റ് സെക്രട്ടറി തനിക്ക് വിവരം തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഴക്കടല്‍ മത്സ്യ ബന്ധന നീക്കം പൊളിച്ചതില്‍ മുഖ്യമന്ത്രിക്ക് തന്നോട് അരിശമാണ്. സര്‍ക്കാരിന്റെ ഓരോ രഹസ്യ നീക്കങ്ങളും പ്രതിപക്ഷം പൊളിച്ചു.ഇ.എം.സി.സി ഫയല്‍ രണ്ടുതവണ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കണ്ടുവെന്നത് സര്‍ക്കാര്‍ വാദങ്ങള്‍ പൊളിക്കുന്നു. ഫയല്‍ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി പറയണം. മേഴ്‌സിക്കുട്ടിയമ്മ തുടക്കം മുതല്‍ കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും കള്ളം പറയുന്നു. ഫയല്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *