തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി എന്താണെന്ന് പോലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. അവര്‍ ഒരുതരം കോമാളികളാണ്. ഒരാളുടെയും ഡെപ്പോസിറ്റ് കിഫ്ബി സ്വീകരിക്കുന്നില്ല, പകരം പലരൂപത്തില്‍ വായ്പാ വിഭവങ്ങള്‍ സമാഹരിച്ച് കേരളത്തിന്റെ പശ്ചാത്തല വികസനത്തിനായി നിക്ഷേപം നടത്തുന്ന സ്ഥാപനമാണെന്ന് തോമസ് ഐസക് പറഞ്ഞു.
അന്വഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണ്. ബിജെപിക്ക് വേണ്ടി രാഷ്ട്രീയലക്ഷ്യത്തിനായി പല സംസ്ഥനങ്ങളിലും റെയ്ഡ് നടത്തുന്നതാണ് ഇയാളുടെ ട്രാക്ക് റെക്കോര്‍ഡെന്ന് തോമസ് ഐസക് ആരോപിച്ചു. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെയും കടുത്ത വിമര്‍ശനമാണ് തോമസ് ഐസക് ഉന്നയിച്ചത്.
തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഈ തിരഞ്ഞെടുപ്പ് കാലത്ത് നിര്‍മ്മല ഉപയോഗിക്കുകയാണെന്നാണ് ഐസകിന്റെ ആരോപണം. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്രമന്ത്രി നേതൃത്വം കൊടുക്കുകയാണ്. സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരായാം, പക്ഷേ ഭീഷണിപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കില്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളല്ല ഇവിടുള്ളതെന്ന് മനസിലാക്കുക. ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാരിനറിയാം. ഇവിടെ പൊലീസുണ്ട്, കേരളവുമായി ഏറ്റുമുട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെങ്കില്‍ പേടിച്ചു പിന്മാറാന് പോകുന്നില്ലെന്നും ഐസക് വ്യക്തമാക്കി.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകര്‍ക്കാനാണ് ഇ.ഡിയുടെ ശ്രമം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ചോദ്യംചെയ്യലില്‍ ഇഡിക്ക് ലഭിക്കണമെന്ന് ആഗ്രഹമുള്ള ഉത്തരമാണ് അവര്‍ തേടുന്നത്. കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല. സംസ്ഥാനവുമായി ഏറ്റുമുട്ടലിനാണ് കേന്ദ്രസര്‍ക്കാര്‍ കോപ്പുകൂട്ടുന്നതെങ്കില്‍ പേടിച്ച് പിന്മാറാന് തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
