ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക് .ഈ മാസം 25 മുതല്‍ മോദിയുടെ ആകാശ യാത്രകള്‍ തുടങ്ങും. കോവിഡ് സമയത്തെ പ്രധാന ഉച്ചകോടികളിലെല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
വിദേശത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പിന്‍വലിച്ചതിനുശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂണ്‍ വരെയുള്ള യാത്രകളുടെ ഷെഡ്യൂള്‍ തയ്യാറായിട്ടുണ്ട്. ഈ മാസം 25-ന് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തോടെ യാത്രകള്‍ തുടങ്ങും. ബംഗബന്ധു ഷേഖ് മുജബിര്‍ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുന്നതിന് അദ്ദേഹം ധാക്കയിലെത്തും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ചയും നടത്തും.
പ്രധാനമന്ത്രി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബര്‍ മാസത്തിലാണ്. നവംബര്‍ 13 മുതല്‍ 15 വരെ ബ്രസീലില്‍ അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ശേഷം കോവിഡ് ലോക്ഡൗണും മറ്റും കാരണം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു . പാര്‍ലമെന്റ് സമ്മേളനവും ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനവും കഴിഞ്ഞ ശേഷമായിരുന്നു ലോക്ക്ഡൗണ്‍.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നൊരുക്കങ്ങളുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ന് ധാക്കയിലെത്തുന്നുണ്ട്.
