കേന്ദ്രസംഘത്തോട് ചര്‍ച്ച നടത്താത്തവര്‍ മനുഷ്യത്വമില്ലാത്തവര്‍

ശ്രീനഗര്‍: കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്താന്‍ തയാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീരില്‍ സമാധാനശ്രമങ്ങളുമായി എത്തിയ സര്‍വകക്ഷി സംഘത്തിലെ ഇടതുപക്ഷ നേതാക്കളുടെ ചര്‍ച്ച ശ്രമങ്ങളോട് സഹകരിക്കാതിരുന്ന വിഘടനവാദികളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഘടന വാദികളുടെ നടപടി കാഷ്മീരിയത്തിനും ഇന്‍സാനിയത്തിനും(മനുഷ്യത്വം) എതിരാണ്. കാഷ്മീരിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നും ഇതിനായി വാതിലുകള്‍ കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സര്‍വകക്ഷി സംഘം മടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി വിഘടനാ വാദികളുടെ നടപടിക്കെതിരെ രംഗത്തെത്തിയത്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമായി തന്നെ നിലനില്‍ക്കും. നേരത്തെ വാഗ്ദാനം ചെയ്ത പോലെ കാഷ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം മുളക് പൊടി ഉപയോഗിക്കുന്ന ഷെല്ലുകളാകും പ്രയോഗിക്കുക എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സര്‍വകക്ഷി സംഘം ഇന്നു മടങ്ങും. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുള്ള എന്നിവര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി സംഘം ചര്‍ച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മുപ്പതംഗ സര്‍വകക്ഷി സംഘമാണു ശ്രീനഗറിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *