മാതാപിതാക്കള്‍ ‘വിറ്റ’17കാരിക്ക് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്നത് മാസങ്ങള്‍ നീണ്ട ലൈംഗിക അതിക്രമം; രക്ഷകരായി RPF

മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയച്ച കൗമാരക്കാരിക്ക് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്നത് ബലാത്സംഗം അടക്കം അതിക്രൂര പീഡനം. ആര്‍പിഎഫിന്‍റെ ഇടപെടലില്‍ രക്ഷപ്പെട്ട പതിനേഴുകാരി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കൗണ്‍സിലിംഗിനിടെ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്ന യുപി സ്വദേശിയായ പെണ്‍കുട്ടി വിവാഹം. കുട്ടിയുടെ സമ്മതം കൂടാതെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ ആഘാതത്തിലായിരുന്നു പെണ്‍കുട്ടിയെങ്കിലും ശിശുക്ഷേമ സമിതി അംഗങ്ങളുടെ നിരന്തര കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായത്. യുപി ദിയോറ സ്വദേശിയാണെന്നും ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ ആയിരുന്നു വിവാഹം എന്നുമാണ് പെണ്‍കുട്ടി അവകാശപ്പെട്ടത്. സമ്മതം ഇല്ലാതിരിന്നിട്ടു കൂടി മാതാപിതാക്കളും അമ്മാവനും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നു തന്നെയുള്ള യുവാവുമായി ആയിരുന്നു വിവാഹം. –

വിവാഹശേഷം കടുത്ത ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വന്നത്. ഭര്‍തൃസഹോദരനും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് പലതവണ ബലാത്സംഗത്തിനിരയാക്കി. നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച്‌ ഭര്‍ത്താവിനോടും ഭര്‍തൃപിതാവിനോടും പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയെ അമ്മാവന് കാശ് നല്‍കി വാങ്ങിയതാണെന്നും അതുകൊണ്ട് തന്നെ പറയുന്നതൊക്കെ ചെയ്യണമെന്നുമായിരുന്നു ഇവരുടെ പ്രതികരണം. ഇതിനെ എതിര്‍ത്തതോടെ ഭര്‍ത്താവും പിതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെയും മാസങ്ങളോളം ഭര്‍തൃസഹോദരനും സഹോദരിയുടെ ഭര്‍ത്താവും ഇവരെ ലൈംഗിക ചൂഷണത്തിനിരയാക്കി. തന്‍റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

ഇവരുടെ തടവില്‍ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ അമ്മാവന്‍റെ സഹായം തേടി. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇയാള്‍ പെണ്‍കുട്ടിയെ തടയുകയും ചെയ്തു. അമ്മാവനില്‍ നിന്നും സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പെണ്‍കുട്ടി നാട് വിടാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നും ട്രെയിനില്‍ കയറിയ പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ടിടിആര്‍ നല്‍കിയ വിവരം അനുസരിച്ച്‌ കോട്ട ആര്‍പിഎഫാണ് കുട്ടിയെ രക്ഷിച്ച്‌ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സഹായത്തോടെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. നിലവില്‍ പെണ്‍കുട്ടിയെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

കുട്ടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുപി അധികൃതര്‍ക്ക് കത്ത് കൈമാറിയെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കനിസ് ഫാത്തിമ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *