കോട്ടയം: ചങ്ങനാശേരിയില്‍ പൂജാരിയെ മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയത് ഭാര്യയുമായി സൗഹൃദത്തിലാണെന്ന സംശയത്തെ തുടര്‍ന്ന്. അറസ്റ്റിലായ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നമ്ബൂതിരിയെയാണ് (32) ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷം വഴിയില്‍ തള്ളിയത്.ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം.
രാത്രിയില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്‍ രവീന്ദ്രനും മര്‍ദ്ദനമേറ്റു. പൂജാരിയെ മര്‍ദ്ദിച്ച് സ്‌കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടു പോയതായി രവീന്ദ്രനാണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിഷ്ണു നമ്ബൂതിരിയെ അവശനായ നിലയില്‍ റോഡില്‍ കണ്ടെത്തുകയായിരുന്നു. പൊലീസാണ് പൂജാരിയെ ആശുപത്രിയില്‍ എത്തിച്ചത്.
പെരുന്ന കൃഷ്ണപ്രിയയില്‍ പ്രവീണ്‍ (34), തൃക്കൊടിത്താനം ശ്രീകലഭവനില്‍ ഗോകുല്‍ (27), തൃക്കൊടിത്താനം പുലക്കോട്ടുപടി രാജീവ് ഭവനില്‍ ഹരീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളിലൊരാളുടെ ഭാര്യയുമായി പൂജാരിക്കുള്ള സൗഹൃദത്തില്‍ രോഷാകുലരായാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ലോക്ക് ഡൗണും ഞായറാഴ്ചയുമായതിനാല്‍ റോഡില്‍ ആരും കാണില്ലെന്നു കരുതിയാണ് രാത്രിയില്‍ തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, എസ്.ഐമാരായ പ്രദീപ്, മോഹനന്‍, എ.എസ്.ഐ രഞ്ജീവ്, എസ്.ഐ ട്രെയിനി ജയകൃഷ്ണന്‍നായര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച സ്‌കോര്‍പിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
