പത്തനംതിട്ട കാനറ ബാങ്ക് ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്; ജീവനക്കാരന്‍ കുടുംബത്തോടെ ഒളിവില്‍

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 8 കോടി 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിലെ തന്നെ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവിലാണ്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് ഇയാള്‍. സംഭവത്തില്‍ മാനേജരടക്കം അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തട്ടിപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 14 മാസം കൊണ്ടാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി തുക തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെ കുറിച്ച്‌ ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പില്‍ ഇയാള്‍ക്ക് മാത്രമേ പങ്കുള്ളുവെന്നാണ് കണ്ടെത്തല്‍. ക്രമക്കേട് തടയാന്‍ കഴിയാത്തതിന്റെ പേരിലാണ് മറ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *