മാനന്തവാടി: വയനാട്ടില്‍ വൃദ്ധ ദമ്ബതികള്‍ക്കുനേരെയുണ്ടായ അജ്ഞാതരുടെ ആക്രമണത്തില്‍ റിടയേഡ് അധ്യാപകനും ഭാര്യയും മരിച്ചു. പനമരം നെല്ലിയമ്ബം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍ വ്യാഴാഴ്ച രാത്രി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. വയനാട് മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാവിലെയായിരുന്നു പത്മാവതിയുടെ മരണം.
ഒറ്റപ്പെട്ട വീട്ടില്‍ തനിച്ച് കഴിയുന്ന ദമ്ബതികളെ വ്യാഴാഴ്ച രാത്രി 8 മണിയോടെ മുഖം മൂടി അണിഞ്ഞെത്തിയ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വീട്ടിലേക്ക് ശ്രദ്ധിക്കുന്നത്. ഈ സമയം അവര്‍ നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി വരികയായിരുന്നു എന്നാണ് പരിസരവാസികള്‍ നല്‍കുന്ന വിവരം. പരിസരവാസികള്‍ ശബ്ദം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്ബോഴേക്കും രണ്ടു മുഖം മൂടി ധാരികള്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും വ്യക്തമാക്കുന്നു. കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
