മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണിത്. ഹെല്‍ത്ത് സര്‍വിസ് വിഭാഗത്തിന് കീഴിലുള്ളവരെ മാത്രം വണ്ടൂരിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ മഞ്ചേരി യൂനിറ്റിെന്റ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് സ്ഥലംമാറ്റ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചത്.
മൂന്ന് ഗൈനക്കോളജിസ്റ്റുകളെയും അനസ്തഷ്യോളജി വിഭാഗത്തിലെ രണ്ടുപേരെയും ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ് എന്നിവയിലെ ഓരോരുത്തരെയുമാണ് വണ്ടൂരിലേക്ക് പുനര്‍വിന്യസിച്ചത്. രണ്ടാഴ്ചത്തേക്കായിരുന്നു നിയമനം. എന്നാല്‍, താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയവരില്‍ ഭൂരിഭാഗം പേരും ഹെല്‍ത്ത് സര്‍വിസില്‍ നിന്നുള്ളവരാണെന്നായിരുന്നു കെ.ജി.എം.ഒ.എയുടെ വാദം. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. മെഡിക്കല്‍ കോളജിലെ ഒരു യൂനിറ്റ് മറ്റൊരിടത്ത് ആരംഭിക്കുമ്ബോള്‍ അവരുടെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എല്ലാവരെയും ഉള്‍പ്പെടുത്തി ഡ്യൂട്ടി പുനഃക്രമീകരിക്കണമെന്നും ഉന്നയിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജ് പൂര്‍ണമായി കോവിഡ് ചികിത്സ കേന്ദ്രമാക്കിയതോടെയാണ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര പ്രസവ ചികിത്സക്ക് സൗകര്യം ഒരുക്കിയത്. ജില്ല കലക്ടര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ താല്‍ക്കാലികമായി മാറ്റാനും നിര്‍ദേശിച്ചു. എന്നാല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളവരെ മാറ്റാതെ ഹെല്‍ത്ത് സര്‍വിസിലുള്ള കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ മാറ്റിയാല്‍ പരീക്ഷ നടത്തിപ്പിനെ അടക്കം ബാധിക്കുമെന്നാണ് അധ്യാപക സംഘടനയുടെ നിലപാട്. ഏഴ് പേരില്‍ നാലും ഹെല്‍ത്ത് സര്‍വിസില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ ഡെപ്യൂട്ടേഷനില്‍ ഹെല്‍ത്ത് സര്‍വിസില്‍നിന്ന് മാറിയവരും ഒരാള്‍ സീനിയര്‍ റസിഡന്റുമാണ്.
ശനിയാഴ്ച രാവിലെ 10ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
