അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; 17കാരിക്ക് നേരെ നടന്നത് ക്രൂരമായ പീഡനം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17കാരിക്ക് നേരെ നടന്നത് ക്രൂരമായ പീഡനം. അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ അച്ഛനാണ് പീഡനത്തിന് തുടക്കമിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ലളിത്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ പീഡനം അരങ്ങേറിയത്. അച്ഛന് പുറമേ എസ്പി, ബിഎസ്പി നേതാക്കളും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അച്ഛന്‍ ട്രക്ക് ഡ്രൈവറാണ്.

ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി ആരോപിക്കുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഎസ്പി ജില്ലാ നേതാവ്, എസ്പി പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

ആദ്യ സംഭവത്തിന് ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം അച്ഛന്‍ നല്‍കി. തുടര്‍ന്ന് ഹോട്ടലില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് മുന്‍പില്‍ തന്നെ കാഴ്ച വെച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ബോധം വന്നപ്പോള്‍ തനിക്ക് വയറുവേദന അനുഭവപ്പെട്ടതായും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് സമാനമായ നിരവധി ദുരനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായതായും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് എസ്പി ജില്ലാ നേതാവ് തിലക് യാദവ് തന്നെ പീഡിപ്പിച്ചു. അതിക്രൂരമായാണ് തന്നോട് തിലക് യാദവ് പെരുമാറിയത്. ബലാത്സംഗ ശ്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനാണ് തന്നെ പെണ്‍കുട്ടിയുടെ അരികിലേക്ക് വിട്ടതെന്ന് തിലക് യാദവ് പറഞ്ഞതായി 17കാരി വെളിപ്പെടുത്തി. തിലക് യാദവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *