ന്യൂഡല്‍ഹി: ഒറ്റ ഇരട്ട അക്ക നമ്പര്‍ നടപ്പാക്കാന്‍ ഒരുമിച്ചതുപോലെ ഡല്‍ഹിക്കാര്‍ കൊതുകുകള്‍ക്കെതിരെയും ഒരുമിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത് തടയാന്‍ കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊതുകുകള്‍ക്ക് കോണ്‍ഗ്രസുകാരെന്നോ ബി.ജെ.പിക്കാരെന്നോ വ്യത്യാസമില്ലെന്നും ബംഗളൂരിവില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ കെജ്‌രിവാള്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇന്ത്യ–പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ എല്ലാവരും ഒന്നിക്കുന്നതുപോലെ കൊതുകുകളെ തുരത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ചിക്കുന്‍ ഗുനിയ പ്രശ്‌നത്തിന് ഉത്തരവാദി ആരാണെന്നതിനെക്കുറിച്ച് തര്‍ക്കിക്കേണ്ട സമയമല്ല ഇത്. കൂടുതല്‍ ഫോഗിങ് ഉപകരണങ്ങള്‍ വാങ്ങാന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് നിര്‍ദേശം നല്‍കിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡുകളിലും താമസ സ്ഥലങ്ങളിലും ഫോഗിങ് നടത്തും. കൊതുകുകളെ തുരത്താനുള്ള തീവ്ര യജ്ഞം ഒന്നരമാസം നടത്തും. ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സാ സൗകര്യമുണ്ടെങ്കിലും കൊതുകുകളുടെ പെരുപ്പമാണ് പ്രശ്‌നമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
