വധശിക്ഷയില്‍ സുപ്രീം കോടതി , പ്രതിയുടെ മാനസാന്തര സാധ്യത പരിശോധിക്കണം

ന്യൂഡല്‍ഹി: പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടോയെന്നു പരിശോധിച്ചശേഷമാകണം വധശിക്ഷ വിധിക്കേണ്ടതെന്നു സുപ്രീം കോടതി.

വിചാരണാ കാലയളവിലടക്കം പ്രതികള്‍ക്കുണ്ടായ മനഃശാസ്‌ത്രപരമായ പരിവര്‍ത്തനം വിലയിരുത്തിവേണം ശിക്ഷ വിധിക്കാനെന്നും പരമോന്നത നീതിപീഠം. വധശിക്ഷ വിധിക്കുന്നതിനു രാജ്യത്തെ കോടതികള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ്‌ സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌.
പ്രതികാരനടപടികള്‍ക്കു സമാനമായി പ്രതികള്‍ക്കു വിചാരണാകോടതികള്‍ വധശിക്ഷ വിധിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്നും ജസ്‌റ്റിസ്‌ യു.യു. ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ജസ്‌റ്റിസുമാരായ രവീന്ദ്ര ഭട്ട്‌, ബേല എം. ത്രിവേദി എന്നിവരാണ്‌ ബെഞ്ചിലെ മറ്റ്‌ അംഗങ്ങള്‍. കുറ്റകൃത്യത്തിനുശേഷവും തടവുകാലത്തും വിചാരണാ കാലയളവിലും പ്രതിയിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ അപ്പീല്‍ കോടതികള്‍ പരിഗണിക്കണമെന്നു ബെഞ്ച്‌ നിര്‍ദേശിച്ചു. കുറ്റകൃത്യത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ക്കു പുറമേ പ്രതിയെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വിചാരണാ ഘട്ടത്തില്‍ ശേഖരിക്കണം. കൂടാതെ കുറ്റാരോപിതന്റെ മനോനിലയെക്കുറിച്ച്‌ ജയില്‍ അധികൃതരില്‍നിന്നും ആവശ്യമെങ്കില്‍ സര്‍ക്കാരില്‍നിന്നും റിപ്പോര്‍ട്ട്‌ തേടണം. പ്രതിയുടെ കുടുംബസാഹചര്യവും പശ്‌ചാത്തലവും അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ റിപ്പോര്‍ട്ടായി കോടതിക്കു കൈമാറാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. പ്രതിയുടെ പ്രായം, നിലവിലുള്ളതും പഴയതുമായ കുടുംബ പശ്‌ചാത്തലം, വിദ്യാഭ്യാസ യോഗ്യത, സാമൂഹിക-സാമ്ബത്തിക പശ്‌ചാത്തലം, മുമ്ബ്‌ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച്‌ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി സര്‍ക്കാര്‍ സമര്‍പ്പിക്കണം. കുറ്റകൃത്യത്തിന്റെ ഗുരുതരസ്വഭാവം പരിഗണിക്കുമ്ബോള്‍ത്തന്നെ പശ്‌ചാത്താപത്തിലൂടെ പ്രതി സ്വയം പരിവര്‍ത്തനത്തിനു ശ്രമിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും വിചാരണാ കോടതികള്‍ തയാറാകണം. ജയിലിലെ പെരുമാറ്റം, മറ്റു പ്രവൃത്തികള്‍ തുടങ്ങിയവ സംബന്ധിച്ച്‌ ജയില്‍ അധികൃതരില്‍നിന്നുള്ള റിപ്പോര്‍ട്ടും പരിഗണിക്കണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുവേണം പരമാവധി ശിക്ഷ വിധിക്കേണ്ടതെന്നും ബെഞ്ച്‌ വ്യക്‌തമാക്കി.
2011-ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികള്‍ക്കു വധശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ വിധിപ്രസ്‌താവവുമായി ബന്ധപ്പെട്ടാണ്‌ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.
ഇന്‍ഡോര്‍ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജിന്റെ വധശിക്ഷാവിധി മധ്യപ്രദേശ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ശരിവച്ചിരുന്നു. ഇതിനെതിരേ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കി വിധി പ്രസ്‌താവിച്ചപ്പോഴായിന്നു സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്‌. ബച്ചന്‍ സിങ്‌ കേസിലും സുപ്രീം കോടതി സമാനമായ നിരീക്ഷണം നടത്തിയിരുന്നു.
പ്രതിയുടെ മനോനില, കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം അടക്കമുള്ളവ പരിശോധിച്ചശേഷമാകണം പരമാവധി ശിക്ഷ വിധിക്കേണ്ടതെന്നായിരുന്നു കോടതി വ്യക്‌തമാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *