ജില്ലയുടെ വികസന സാധ്യത : വായ്പാ രൂപരേഖ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി നബാര്‍ഡ് തയാറാക്കിയ 201617 വര്‍ഷത്തെ വികസന സാധ്യതാ വായ്പാ രൂപരേഖ ജില്ലാതല ബാങ്കിംഗ് ത്രൈമാസ അവലോകന യോഗത്തില്‍ പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.എസ്.വാസുദേവന് നല്‍കി പ്രകാശനം ചെയ്തു. 201617 സാമ്പത്തിക വര്‍ഷം 5498 കോടി രൂപയുടെ വായ്പ സാധ്യതയാണ് രൂപരേഖയില്‍ ജില്ലയ്ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ 59 ശതമാനം കാര്‍ഷിക മേഖലയ്ക്കും 22 ശതമാനം സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കും 19 ശതമാനം ഭവനനിര്‍മാണ, വിദ്യാഭ്യാസ, സ്വാശ്രയ സംഘങ്ങള്‍ക്കുള്ള വായ്പയ്ക്കുമാണ് ഉപയോഗപ്പെടുത്തുക. പ്രാദേശിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ കൃഷിക്കും അനുബന്ധ കാര്യത്തിനും മധ്യകാല വായ്പ നല്‍കി പരിപോഷിപ്പിക്കുന്നതിനായി മൂന്ന് പ്രാദേശിക വികസന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ചെറുകിട ക്ഷീരോത്പാദനമാണ് ഇതില്‍ മുഖ്യം. ക്ഷീര വികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും തിരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് വാണിജ്യ ബാങ്കുകളുടെ സഹായത്താല്‍ കോന്നി, മല്ലപ്പള്ളി, പന്തളം, കോയിപ്രം ബ്ലോക്കുകളില്‍ പദ്ധതി നടപ്പാക്കും. തേനും അനുബന്ധ ഉത്പന്നങ്ങളും പദ്ധതി കോന്നി, പറക്കോട്, കോയിപ്രം, റാന്നി ബ്ലോക്കുകളില്‍ നടപ്പാക്കും. കൃഷി വകുപ്പിന്റെ സഹായത്തോടെ മഴ മറ കൃഷി, മട്ടുപ്പാവ് കൃഷി എന്നിവ പന്തളം, പറക്കോട്, കോയിപ്രം, റാന്നി ബ്ലോക്കുകളില്‍ നടപ്പാക്കും. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 329 കോടി രൂപയുടെ 193 ആര്‍.ഐ.ഡി.എഫ് പദ്ധതികളാണ് പുരോഗമിച്ചുവരുന്നത്. ഇതിനു പുറമെ കര്‍ഷക സംഘങ്ങള്‍, ജെ.എല്‍.ജി.എസ് കാര്‍ഷികകാര്‍ഷികേതര മേഖലയിലുള്ള വിജ്ഞാന വ്യാപനം, നൂതന കണ്ടുപിടുത്തങ്ങളുടെ വിപുലീകരണം, നൈപുണ്യ വികസന പരിശീലനം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സാമ്പത്തിക സാക്ഷരത, കാര്‍ഷിക ഉത്പാദന സഹകരണ സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള വായ്പകള്‍ തുടങ്ങിയവ നബാര്‍ഡിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പാക്കിവരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എസ്.ബി.റ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷെറി എം.പാറേറ്റ്, നബാര്‍ഡ് എ.ജി.എം രഘുനാഥന്‍ പിള്ള, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.എസ്.വാസുദേവന്‍, റിസര്‍വ് ബാങ്ക് എ.ജി.എം കെ.ആര്‍ രാധാകൃഷ്ണന്‍, മറ്റ് ബാങ്കുകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *