കൊല്ലം: വിസ്മയ സ്ത്രീധന പീഡന മരണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവുശിക്ഷയും 12.55 ലക്ഷം രൂപ പിഴയും ചുമത്തി കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ സുപ്രധാന വിധി. പ്രതിയുടെ പ്രായവും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം ഒഴിവാക്കിയത്.
പിഴത്തുകയില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം തടവു വിധിച്ചെങ്കിലും ശിക്ഷ എല്ലാം കൂടി ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി.
രാജ്യം ആകാംഷയോടെ നോക്കിയിരുന്ന കേസില്‍ മാതൃകാപരമായ ശിക്ഷയാണ് കോടതി നല്‍കിയത്. 304(ബി) സ്ത്രീധന പീഡനം, 306ആത്മഹത്യാപ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.
സ്ത്രീധന പീഡനത്തിന് 10 വര്‍ഷം തടവും ആത്മഹത്യ പ്രേരണ കുറ്റത്തിന് ആറ് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഗാര്‍ഹിക പീഡനത്തിന് രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സ്ത്രീധന നിരോധന നിയത്തിലെ 3,4 വകുപ്പുകള്‍ പ്രകാരവും കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം സെക്ഷന് 3 പ്രകാരം ആറ് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും സെക്ഷന്‍ 4 പ്രകാരം ഒരു വര്‍ഷം തടവും 5,000 രൂപയും പിഴ ചുമത്തി.
പിഴത്തുക അടച്ചില്ലെങ്കില്‍ ആറ് മാസം മുതല്‍ 15 ദിവസം വരെ വിവിധ വകുപ്പുകളില്‍ ജയില്‍വാസം അനുഭവിക്കണം.
ഉത്തര്‍പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ പോലീസുകാരന് 10 വര്‍ഷം തടവുശിക്ഷയാണ് സുപ്രീം കോടതി വിധിച്ചതെന്ന് സമാനമായ കേസിലെ വിധിപ്പകര്‍പ്പ് അടക്കം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തടവുശിക്ഷയുടെ കാലാവധി കുറച്ചത്.
