അഫ്ഗാനിസ്ഥാനില്‍ വളരുന്ന മയക്കുമരുന്ന് ചെടികള്‍ മൂന്നാറില്‍

മൂന്നാര്‍: അഫ്ഗാനിസ്ഥാനില്‍ വളരുന്ന മാരക മയക്കു മരുന്ന് ചെടികള്‍ മൂന്നാറിലും കണ്ടെത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടുന്ന വാര്‍ത്തകള്‍ നേരത്തെ നിരവധി തവണ പുറത്തു വന്നിട്ടുണ്ട്. അതിനിടയിലാണ് അതിമാരകമായ ലഹരി ചെടിയായ ‘കറുപ്പ് ചെടി’ (ഓപിയം)മൂന്നാറില്‍ നിന്നും കണ്ടെത്തിയ വാര്‍ത്തകളും പുറത്തു വരുന്നത്.
ദേവികുളം ഗുണ്ടുമല എസ്‌റ്റേറ്റില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ 57 ഓപിയം പോപ്പി ചെടികള്‍ കണ്ടെത്തിയത്. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജുവും സംഘവുമാണ് മാരകമായ ഓപിയം പോപ്പി ചെടികള്‍ നട്ടുവളര്‍ത്തിയത് പിടികൂടിയിരിക്കുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ സൈജുമോന്‍ ജേക്കബ്, ജയല്‍ പിജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം , മനീഷ് മോന്‍ സി.കെ, ഡ്രൈവര്‍ അനില്‍ കുമാര്‍ കെ പി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
അഫ്ഗാനിലെ പ്രധാന കൃഷികളില്‍ ഒന്നാണ് ഈ ഓപിയം പോപി. താലിബാന്‍ ഭീകരര്‍ അടക്കമുള്ളവര്‍ പോപ്പി ചെടികളില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്. അതേസമയം മരുന്ന് നിര്‍മ്മാണത്തിനും മറ്റുമായി വിവിധ രാജ്യങ്ങളില്‍ നിയന്ത്രിതമായ അളവില്‍ നിയമാനുസൃതമായി പോപ്പി ചെടികള്‍ കൃഷി ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *