ലൈംഗികത്തൊഴില്‍ ഇനി നിയമപരം; തൊഴിലാളികള്‍ക്കെതിരേ പൊലീസ് നടപടി പാടില്ല; ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗിക തൊഴില്‍ (sex work) സംബന്ധിച്ച്‌ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി (Supreme Court). ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായതും, സ്വമേധാ ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ആറ് നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികള്‍ക്കും നിയമത്തിന്റെ തുല്യ സംരക്ഷണത്തിനുള്ള അര്‍ഹതയുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം. ലൈംഗികത്തൊഴിലാളി പ്രായപൂര്‍ത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാല്‍ ഇടപെടുന്നതില്‍ നിന്നോ ക്രിമിനല്‍ നടപടിയെടുക്കുന്നതില്‍ നിന്നോ പൊലീസ് വിട്ടുനില്‍ക്കണം.

തൊഴില്‍ എന്തുതന്നെയായാലും, ഈ രാജ്യത്തുള്ള ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനൊപ്പം തന്നെ ലൈംഗിക തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയോ, കുറ്റം സ്ഥാപിക്കുകയോ, ശല്യം ചെയ്യുകയോ, വേശ്യാലയത്തിലെ റെയിഡിലേയോ മറ്റോ ഇരയാക്കി ചിത്രീകരിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതിന്റെ പേരില്‍ അവരുടെ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യന്റെ മാന്യതയുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നു.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ വേശ്യാലയത്തില്‍ താമസിക്കുന്നതായോ ലൈംഗിക തൊഴിലാളിയുടെ ഒപ്പം താമസിക്കുന്നതായോ കണ്ടെത്തിയാല്‍ അത് കടത്തപ്പെട്ട കുട്ടിയാണെന്ന് വിധിയെഴുതാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പരാതി നല്‍കുവാന്‍ എത്തുന്ന ലൈംഗിക തൊഴിലാളിയോട് വിവേചനപൂര്‍വം പെരുമാറരുതെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. അതിന്‌പുറമെ, ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗികത്തൊഴിലാളികള്‍ക്ക് ഉടനടി മെഡിക്കോ-ലീഗല്‍ കെയര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *