റാന്നി : വടശ്ശേരിക്കര പേഴുംപാറയിലെ മരണവീട്ടില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജയന്‍ തമ്ബി.
തര്‍ക്കം പരിഹരിച്ചു മൃതദേഹം മറവു ചെയ്യാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയെങ്കിലും കുഴിയെടുക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളി മദ്യപിച്ചു അബോധാവസ്ഥയിലായി. പ്രതിസന്ധിഘട്ടത്തില്‍ കുഴിവെട്ടാന്‍ എസ്.ഐ മുന്നോട്ടെത്തി. വടശേരിക്കര ബൗണ്ടറി പേഴുംപാറ പാലക്കുഴിതടത്തില്‍ പ്രഭാകരന്റെ (65) മൃതദേഹം മറവുചെയ്യാനാണ് പൊലീസ് സഹായം ഉണ്ടായത്.
രണ്ടു സെന്റ് സ്ഥലം മാത്രമുള്ള പ്രഭാകരന്റെ മൃതദേഹം കോടതിയില്‍ കേസുള്ള സ്ഥലത്ത് അടക്കം ചെയ്യുന്നതിനെതിരെ സഹോദരി പെരുനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എസ്.ഐ വിജയന്‍ തമ്ബിയും സഹപ്രവര്‍ത്തകരും. തര്‍ക്കസ്ഥലം ഒഴിവാക്കി വീടിനോടു ചേര്‍ന്ന് മൃതദേഹം അടക്കം ചെയ്യാന്‍ പരിഹാരമുണ്ടാക്കിയതിന് പിന്നാലെയാണ് കുഴിയെടുക്കാന്‍ എത്തിയ തൊഴിലാളി അബോധാവസ്ഥയിലായത്. തൊഴിലാളി മദ്യപിച്ച് ലക്കുകെട്ടതോടെ കുഴിയെടുപ്പ് തൊഴിലുറപ്പ് പണികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ഏറ്റെടുത്തു. മറ്റുള്ളവര്‍ കാഴ്ചക്കാരായതോടെയാണ് എസ്.ഐ കുഴിയെടുക്കാന്‍ തയ്യാറായത്. പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികളായ ശാരദ, അനുജ, പൊന്നമ്മ എന്നിവരും വാര്‍ഡ് മെമ്ബര്‍ ജോര്‍ജ്കുട്ടിയും എത്തിയതോടെ കുഴിയെടുപ്പും സംസ്‌കാരവും നടന്നു.
