തൃക്കാക്കരയില്‍ എല്‍ഡിഎഫ് നേരിട്ട തോല്‍വിയില്‍ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഒരു നിയമസഭാംഗം മരിച്ചാല്‍, അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരംഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നത്. ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരാണെന്നും സര്‍ക്കാര്‍ പദ്ധിത്തിക്കെതിരായാണെന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റായ നിഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞുവെന്ന് പറയാന്‍ സാധിക്കില്ല എം സ്വരാജ് പറഞ്ഞു.
അതേസമയം തൃക്കാക്കരയിലെ വിജയം പിടിയുടെ പ്രവര്‍ത്തന ഫലമെന്ന് ഉമ തോമസ്. ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പിണറായിയും കൂട്ടരും യുഡി എഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. അത് മനസിലാക്കി തൃക്കാക്കരക്കാര്‍ കൃത്യമായത് തെരെഞ്ഞെടുത്ത് വിജയം സമ്മാനിച്ചു. മുതിര്‍ന്ന നേതാക്കാളും പ്രവര്‍ത്തകരും എന്റെ ഒപ്പം നിന്നു. യു ഡിഎഫിന്റെ ഉജ്വലവിജയമാണിത്. ഈ ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ് യുഡിഎഫിന്റെ വിജയമെന്ന് ഉമ തോമസ് പ്രതികരിച്ചു.
