തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് പൊലീസ്. തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനു അപേക്ഷ നല്‍കിയവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
ഇത് സംബന്ധിച്ച് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ് ഇറങ്ങി.
ഫീസ് നല്‍കുന്നവര്‍ക്കാണ് പരിശീലനം. ആയിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ഫീസ് ഈടാക്കുന്നത്. ആയുധങ്ങളെ കുറിച്ച് മനസിലാക്കാനും പരിചയപ്പെടാനും ആയിരം രൂപയാകും ഫീസ്. ഫയറിങ് പരിശീലനവും മറ്റും നടത്തുന്നതിനാണ് ഉയര്‍ന്ന ഫീസ്. പരിശീലനത്തിനായി പ്രത്യേക സിലബസും തയ്യാറാക്കിയിട്ടുണ്ട്.
നിലവില്‍ കേരള പൊലീസില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ആയുധപരിശീലനം നല്‍കുന്നത്. എന്നാല്‍ സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്ക് വാങ്ങുന്ന പലര്‍ക്കും അത് ഉപയോഗിക്കുന്നത് പഠിക്കാന്‍ ആവശ്യമായ സംവിധാനങ്ങളില്ല. ഈ സാഹചര്യത്തില്‍ ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരള പൊലീസ് ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കുന്നത്.
പൊലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, തോക്ക് ലൈസന്‍സ്, ആധാര്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമാണ് പരിശീലനം ലഭിക്കുക എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
