കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇരുവര്‍ക്കുമെതിരെ നല്കിയ പൊലിസ് പരാതിയില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കറന്‍സികടത്തുമായി ബന്ധപ്പെട്ട് സ്വപ്ന മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കെ.ടി.ജലീലും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും കലാപമുണ്ടാക്കലാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
സ്വപ്ന കോടതിയില്‍ നല്കിയ മൊഴി പിന്‍വലിപ്പിക്കാന്‍ ശ്രമമുണ്ടെന്നും ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ബുധനാഴ്ച ഉച്ചക്ക് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് പറഞ്ഞ് ഷാജി കിരണ്‍ എന്ന് പേരുള്ള ഒരാള്‍ പാലക്കാട്ടെ ഓഫീസില്‍ വന്നിരുന്നെന്നും കോടതിയില്‍ നല്കിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് ശബ്ദ രേഖ പുറത്തുവിടണമെന്നാവശ്യപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കെ.പി.യോഹന്നാന്്റെ ഗോസ്പെല്‍ ഓഫ് ഏഷ്യയുടെ ഡയറക്ടര്‍ ആണന്ന് അവകാശപ്പെട്ട ഷാജി കിരണ്‍ താന്‍ മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും അടുത്ത ആളാണന്ന് പറഞ്ഞെന്നും മൊഴി മാറ്റാന്‍ തയ്യാറായില്ലങ്കില്‍ അറസ്റ്റ് ചെയ്ത് ചെയ്ത് ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
