തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസന്വേഷിക്കുന്ന പ്രത്യേകസംഘം തിങ്കളാഴ്ച യോഗം ചേരും.
രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേയ്ഖ് ദര്‍വേശ് സാഹിബിെന്‍റ സാന്നിധ്യത്തിലാകും യോഗം. കേസിലെ തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമാകും.
സ്വപ്‌നയുടെ സുഹൃത്ത് ഷാജ് കിരണ്‍ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. കഴിഞ്ഞദിവസം സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ഷാജ് കിരണ്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന പൊലീസ് ഇയാള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്കും അന്വേഷിക്കും. ഷാജ് കിരണ്‍, ഇബ്രാഹിം, സരിത് എന്നിവരുടെ പങ്കും പരിശോധിക്കും. അതിനുശേഷം സ്വപ്ന, പി.സി. ജോര്‍ജ് എന്നിവരെ ചോദ്യംചെയ്യുന്ന കാര്യവും തീരുമാനിക്കും.
ഗൂഢാലോചനയിലേക്ക് തന്നെ എത്തിക്കാന്‍ പി.സി. ജോര്‍ജ് ശ്രമിച്ചിരുന്നെന്ന് സരിത എസ്. നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിെന്‍റ ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സരിതയുടെ മൊഴി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസമാണ് രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും ശബ്ദരേഖ പരിശോധിക്കുന്നതിന് ഫോണ്‍ ഹാജരാക്കാനും നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതോടെ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
