തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്. ഓപ്പറേഷന്‍ റേസ് എന്ന പേരില്‍ അടുത്ത രണ്ടാഴ്ച കര്‍ശന പരിശോധന നടത്തും. കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
പൊതുനിരത്തുകളില്‍ ഇത്തരത്തില്‍ മത്സര ഓട്ടം അനുവദിക്കാനാകില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസില്‍ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. ‘ഓപ്പറേഷന്‍ റേസ്’എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.
രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴയീടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കിയിരുന്നു.
