നീന്താന്‍ പോകുന്നെങ്കില്‍ ബിക്കിനി ഇട്ടോണം, മതവസ്ത്രമായ ബുര്‍ക്കിനി വേണ്ട: നിരോധനവുമായി ഫ്രാന്‍സ്

പാരീസ്: ബിക്കിനിയ്ക്ക് പകരം സ്ത്രീകള്‍ അണിയുന്ന ദേഹം മുഴുവന്‍ മൂടുന്ന ബുര്‍ക്കിനിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഫ്രാന്‍സിലെ പരമോന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് കടല്‍ത്തീരങ്ങളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ക്കിനി അണിയുന്നത് വിലക്കിയത്. മതപരമായ കാരണങ്ങള്‍ കൊണ്ട് ബുര്‍ക്കിനി അണിയുന്നത് സര്‍ക്കാരിന്റെ മതങ്ങളോടുള്ള തുല്യമായ സമീപനത്തിന് എതിരാണെന്ന് കോടതി വ്യക്തമാക്കി.
സാധാരണയായി രാജ്യത്ത് സ്ത്രീകള്‍ നീന്തല്‍ക്കുളത്തില്‍ അണിയുന്നത് ബിക്കിനി ഉള്‍പ്പെടെയുള്ള നീന്തല്‍ വസ്ത്രങ്ങളാണ്. എന്നാല്‍ ബിക്കിനി പോലുള്ള ശരീരം പുറത്തു കാണുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇസ്ലാം മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ചെറു ന്യൂനപക്ഷം മാത്രമാണ് ബുര്‍ക്കിനി ധരിക്കുന്നത്. എന്നാല്‍ അഭയാര്‍ഥി പ്രശ്‌നങ്ങളും മതവും സജീവചര്‍ച്ചയാകുന്ന ഫ്രാന്‍സില്‍ ബുര്‍ക്കിനി ഒരു വിവാദവിഷയമാണ്.
ബുര്‍ക്കിനി നിരോധിച്ചു കൊണ്ടുള്ള കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഉത്തരവിനെ ‘മതേതരത്വത്തിന്റെ ജയം’ എന്നാണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഉത്തരവ് മതവിശ്വാസത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണെന്നാണ് ചില മുസ്ലീം സ്ത്രീകള്‍ പ്രതികരിച്ചത്. ഇത് പിന്നോട്ടുള്ള ചുവടുവെയ്പ്പാണെന്നും ഹിജാബ് ധരിക്കുന്ന സ്ത്രീകളെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നും മുസ്ലീം ഫെമിനിസ്റ്റ് സംഘടനയായ ലാലബ് പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷത്തുള്ള ഗ്രീന്‍സ് പാര്‍ട്ടി ഭരിക്കുന്ന ഗ്രനോബള്‍ നഗരസഭ ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കുകയും നീന്തല്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തതിനു പിന്നാലെയാണ് ഉന്നത കോടതിയുടെ ഉത്തരവ്. പ്രദേശത്തെ ചില ആക്ടിവിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അധികൃതര്‍ നഗരത്തില്‍ ബുര്‍ക്കിനിയ്ക്ക് അനുമതി നല്‍കിയത്. നീന്തല്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് വേണമെങ്കില്‍ സ്തനങ്ങള്‍ മറയ്ക്കാതെ നീന്തല്‍ക്കുളങ്ങളിലും ബീച്ചുകളിലും എത്താമെന്നും ഗ്രനോബിള്‍ മേയര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഇളവുകള്‍ ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നു കാണിച്ച് പ്രദേശത്തിന്റെ ചുമതലയുള്ള പ്രെഫെക്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഈ നീക്കമാണ് ചൊവ്വാഴ്ച കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ശരിവെച്ചത്.
ഗ്രനോബിള്‍ നഗരസഭ ‘മതപരമായ ആവശ്യത്തെ’ തൃപ്തിപ്പെടുത്തുകയും ‘സര്‍ക്കാര്‍ സേവനങ്ങളിലെ തുല്യത’യെ ഹനിക്കുകയുമാണ് ഉത്തരവിലൂടെ ചെയ്തതെന്ന് കൗണ്‍സില്‍ വിമര്‍ശിച്ചു. മതതീവ്രവാദം ചെറുക്കാനും രാജ്യത്തെ പരമാധികാരം സംരക്ഷിക്കാനുമെന്ന പേരില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ കൊണ്ടുവന്ന വിവാദനിയമം അനുസരിച്ച് പുറത്തിറക്കിയ ആദ്യ ഉത്തരവാണിത് എന്നതാണ് ശ്രദ്ധേയം.
നീന്തല്‍ക്കുളങ്ങളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ച് ഫ്രാന്‍സില്‍ കര്‍ശനമായ നിയമങ്ങളാണ് നിലവിലുള്ളത്. ശുചിത്വം ഉറപ്പാക്കാനാണ് ഈ നിയമങ്ങള്‍ എന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നത്. പൊതു നീന്തല്‍ക്കുളങ്ങളില്‍ സ്വിമ്മിങ് ക്യാപ് നിര്‍ബന്ധമാണ്. അയഞ്ഞ ട്രങ്ക്‌സ് അടക്കമുള്ള വലുപ്പമേറിയ വസ്ത്രങ്ങള്‍ ധരിച്ച് നീന്തല്‍ക്കുളത്തില്‍ ഇറങ്ങാനാകില്ല. ശരീരം പൂര്‍ണമായും മറയ്ക്കുന്ന വെറ്റ്‌സ്യൂട്ട്‌സിനും പലയിടത്തും നിരോധനമുണ്ട്.
അതേസമയം, ചുരുക്കം ചില നഗരങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ക്കിനി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നീന്തല്‍ വസ്ത്രങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമാണെന്നും മതപരമായ ആവശ്യം മുന്‍നിര്‍ത്തിയല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് തീരുമാനത്തോട് ഗ്രനോബിള്‍ മേയര്‍ക്ക് എതിര്‍പ്പുണ്ട്. തെരുവില്‍ മതവസ്ത്രങ്ങള്‍ ധരിച്ച് മതവിശ്വാസം പ്രകടിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് അത് നീന്തല്‍ക്കുളങ്ങളിലും ആയിക്കൂടാ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ പ്രതിപക്ഷത്തുള്ള തീവ്രവലതുപക്ഷ നേതാക്കളും ചില ഇടതുനേതാക്കളും മേയറുടെ തീരുമാനത്തോടു യോജിക്കുന്നില്ല. ബുര്‍ക്കിനി പോലുള്ള നീന്തല്‍വസ്ത്രങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണെന്ന് ഇവര്‍ വാദിക്കുന്നു. തീവ്ര ഇസ്ലാമിന്റെ കടന്നുകയറ്റത്തിന്റെ ഭാഗമാണ് ബുര്‍ക്കിനിയുടെ കടന്നുവരവെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *