ബ്രസിലീയ: ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്‌സി കോറിക്ക് ദാരുണാന്ത്യം. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായ 27കാരിക്ക് മസ്തിഷ്‌ക രക്തസ്രാവവും ഹൃദയാഘാതവും സംഭവിച്ചതാണ് മരണകാരണമായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിത രക്തസ്രാവമുണ്ടായ കോറിയയ്ക്ക് ഏപ്രില്‍ നാലിന് ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില ഗുരുതരമായി. കഴിഞ്ഞ രണ്ട് മാസമായി കോമയില്‍ തുടരുകയായിരുന്ന യുവതിയുടെ മരണം സംഭവിച്ചത് തിങ്കളാഴ്ചയാണ്.
കോമയില്‍ കഴിയുന്നതിനിടെയാണ് കോറിയയുടെ ടോണ്‍സല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അവള്‍ക്ക് കനത്ത രക്തസ്രാവം ഉണ്ടാകുകയും മരണം സംഭിവിക്കുകയും ചെയ്തു. കോറിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായച്ചെങ്കിലും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ച കോറിയയുടെ സംസ്‌കാരം നടന്നു.
റിയോ ഡി ജനീറോയില്‍ നിന്ന് 120 മൈല്‍ അകലെയുള്ള അറ്റ്‌ലാന്റിക് തീരത്തുള്ള മകേ എന്ന നഗരത്തിലാണ് കോറിയയുടെ ജനനം. ഇന്‍സ്റ്റാഗ്രാമില്‍ 56,000ത്തിലധികം ഫോളോവേഴ്‌സുള്ള മോഡലും ബ്യൂട്ടീഷ്യനുമായ ഇവര്‍ 2018ലാണ് കോറിയ മിസ് ബ്രസീല്‍ പട്ടം സ്വന്തമാക്കുന്നത്. കൗമാരകാലത്ത് ഫാഷന്‍ ഷോകളില്‍ സജീവമായിരുന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. കോറിയയുടെ മരണത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിനാളുകള്‍ വേദന പങ്കുവച്ചു.
