എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
ഇ ഡി രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണ്. വയനാട്ടില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തിന് ഭാരവാഹികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് എസ്‌എഫ്‌ഐസംസ്ഥാന പ്രസിഡന്റ് അനുശ്രീ വ്യക്തമാക്കിയിരുന്നു. പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു എസ് എഫ് ഐ മുന്നോട്ട് വന്നത്.
സമാധാന പരമായി പ്രതിഷേധം മുന്നോട്ട് പോകണം എന്നൊരു നിര്‍ദേശം ജില്ലാ ഘടകത്തെ അറിയിച്ചതാണെന്നും അനുശ്രീ പറഞ്ഞു. അവിടെ സംഭവിച്ച വിഷയങ്ങളെ ന്യായീകരിച്ച് പോകാന്‍ നിലവില്‍ എസ് എഫ്‌ഐ ആലോചിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തെ ഇല്ലാതാകാന്‍ വേണ്ടി ശ്രമിച്ചു എന്ന് വിവരം ലഭിച്ചിരുന്നുവെന്നും വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും അനുശ്രീ പറഞ്ഞു.
എസ്‌എഫ്‌ഐ ജില്ലാ ഘടകമാണ് പ്രതിഷേധതിന്ന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് എന്ന രീതിയില്‍ അക്രമപരമായി മാറിയത് എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല. ഭാരവാഹികള്‍ അക്രമത്തിനു നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും എസ്‌എഫ്‌ഐസംസ്ഥാന പ്രസിഡന്റ് അനുശ്രീ വ്യക്തമാക്കി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്.
എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതിലായിരുന്നു എസ്‌എഫ്‌ഐയുടെ പ്രതിഷേധം. എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വയനാട്ടിലെ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. മാര്‍ച്ച് പോലീസ് തടഞ്ഞു.
