കടുവ ഭീഷണിയില്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍

ബത്തേരി; വയനാട്ടില്‍ കടുവ ഭീഷണിയില്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍. ബത്തേരി നഗരസഭയിലെയും മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യമുള്ളത്.

ആര്‍മാട്, മന്തംകൊല്ലി, പുല്ലുമല, വാകേരി, കക്കടം, രണ്ടാം നമ്ബര്‍ പ്രദേശങ്ങളിലാണ് പലരും കടുവയെ കണ്ടത്. രാവിലെ ക്ഷീരസംഘത്തില്‍ പാലളക്കാന്‍ പോയവരും എസ്റ്റേറ്റ് തൊഴിലാളികളും ചില ദിവസങ്ങളില്‍ കടുവയെ നേരില്‍ കണ്ടതായി പറയുന്നു. ചൊവ്വഴ്ച രാവിലെ എട്ടരക്ക് വാകേരി ഗ്രീന്‍വാലി എസ്റ്റേറ്റിന് സമീപം കക്കടം-രണ്ടാംനമ്ബര്‍ റോഡരികിലെ കാപ്പിത്തോട്ടത്തില്‍ ബൈക്ക് യാത്രക്കാര്‍ കടുവയെ കണ്ടിരുന്നു.

പിന്നീട് ഇതുവഴി എത്തിയ മീന്‍വില്‍പ്പക്കാരന്റെ വാഹനത്തിന് മുന്നിലും കടുവ ചാടി. ആളുകള്‍ കൂടിയതോടെ കടുവ ഗ്രീന്‍വാലി എസ്റ്റേറ്റിലേക്ക് കയറിപ്പോയി. വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. എട്ടുവയസ് പ്രായമുള്ള കടുവയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഗ്രീന്‍വാലി എസ്റ്റേറ്റ് തൊഴിലാളി സുധയുടെ വളര്‍ത്തുനായയെ കടുവ കൊന്നിരുന്നു. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ കടുവ കൊന്നിട്ട മാനിന്റെ ജഡവും കണ്ടെത്തി. ഇതിനിടെ കടുവ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയസമിതി നേതൃത്വത്തില്‍ മൂന്നാനക്കുഴി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *