തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ പ്രശ്‌നത്തില്‍ സമരത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. ഇതിനു മറുപടിയായി, സ്വാശ്രയ സമരക്കാര്‍ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സഭ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ചോദ്യോത്തരവേളയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി പ്രതിഷേധിക്കുകയായിരുന്നു. അടിന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിച്ചതോടെ പ്രതിപക്ഷം അംഗങ്ങള്‍ ശാന്തരാവുകയായിരുന്നു.
സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസ് ലാത്തിവീശാന്‍ കാരണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു. ഗതാഗതത്തെ തടസപ്പെടുത്തുകയും പോലീസുകാരെ കയ്യേറ്റം ചെയ്ത സാഹചര്യത്തിലുമായിരുന്നു നടപടി. മഷിക്കുപ്പിയുമായി സമരത്തിന് വന്നത് ലജ്ജാകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചതിനാല്‍ യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ, പറയാനുള്ളത് ബഹളം വച്ചാലും പറയാനുള്ളത് പറയുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
പിണറായിയുടെ സംസാരം തെരുവില്‍ സംസാരിക്കുന്നതുപോലെയാണെന്നു മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നും സ്പീക്കറുടെ സമ്മര്‍ദം മൂലമാണ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയാറായതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
