കശ്മീര്‍ ഇന്ത്യയുടേതല്ല; പാകിസ്താന്‍

ന്യൂയോര്‍ക്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ വിശേകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് മറുപടിയുമായി പാകിസ്താന്‍. കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്ര സഭയാണെന്നും പാകിസ്താന്‍ പ്രതിനിധി മലീഹ ലോദി യു.എന്നില്‍ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ നടക്കുന്നത്. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണ്. സുഷമ സ്വരാജിന്റെ ആരോപണം ശരിയല്ല. കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ മറച്ചുവെക്കുന്നതിനാണ് ഇന്ത്യ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് യു.എന്‍ പൊതുസഭയും ഇന്ത്യയും പാകിസ്താനും ചേര്‍ന്നാണ്. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യ കശ്മീര്‍ ജനതയെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. രാജ്യാന്തര സമൂഹത്തില്‍നിന്ന് അവരെ സഹായിക്കേണ്ടതുണ്ടെന്നും മലീഹ പറഞ്ഞു.

അരനൂറ്റാണ്ടായി അയല്‍രാജ്യങ്ങള്‍ക്കെതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഈ നടപടിക്ക് ഇന്ത്യ പിന്തുണ നല്‍കുന്നതായി പിടിയിലായ ഇന്ത്യന്‍ ചാരന്‍ കുല്‍ബുഷന്‍ യാദവ് മൊഴി നല്‍കിയിട്ടുണ്ട്. ബലൂചിസ്താനെതിരായ ഇന്ത്യന്‍ നിലപാട് യു.എന്‍ നിര്‍ദേശങ്ങള്‍ക്കെതിരാണ്. പാക്കിസ്താനുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൂര്‍ വ്യവസ്ഥകളില്ലെന്ന ഇന്ത്യന്‍ നിലപാട് തെറ്റാണ്. ഒരു വര്‍ഷം മുന്‍പ് ഇന്ത്യയാണ് ചര്‍ച്ചകള്‍ നടത്തുന്നതില്‍നിന്നു പിന്മാറിയത്. മേഖലയിലെ സമാധാനത്തിന് ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണെന്നും പാക് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാകിസ്താന്റെ പ്രസ്താവനക്ക് മറുപടിയുമായി യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ രംഗത്തെത്തി. ഇന്ത്യക്കെതിരെ കെട്ടുകഥകളും നുണകളുമാണ് പാകിസ്താന്‍ ലോക വേദികളില്‍ ഉന്നയിക്കുന്നതെന്നും ഉറി ആക്രമണത്തിലെ ഭീകരരില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളില്‍ പാക് മുദ്ര ഉണ്ടായിരുന്നെന്നും ഈനം പറഞ്ഞു. പാകിസ്താന്‍ പരാജയപ്പെട്ട രാജ്യമാണ്. പാക് മണ്ണ് ഭീകരാവാദത്തിന് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു നല്‍കാന്‍ അവര്‍ക്ക് കഴിയുമോ എന്നും 1971ല്‍ പാകിസ്താന്‍ നടത്തിയ വംശഹത്യ നിഷേധിക്കുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *