ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട സ്‌കോര്‍പിയോ മറിഞ്ഞ് റാന്നിയില്‍ 2 പേര്‍ മരിച്ചു

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ റാന്നിക്ക് സമീപം ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി ഈട്ടിച്ചുവട് സ്വദേശി യദു ക്യഷ്ണന്‍ (18), മണ്ണാരത്തറ മാലിയില്‍ ബിജുവിന്റെ മകന്‍ സിജോ (19) യുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് നാലു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. റാന്നിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് പോകുമ്പോള്‍ ഉതിമൂട് ജംഗ്ഷന്‍ കഴിഞ്ഞുള്ള വളവില്‍ അമിത വേഗതയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഡിവൈഡര്‍ തകര്‍ത്തുകൊണ്ട് മറിയുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച രണ്ടു പേരും വാഹനത്തിന്റെ പിറകുവശത്തെ ഗ്ലാസ് തകര്‍ത്തുകൊണ്ട് പുറത്തേക്ക് തെറിച്ചു വീണതായി ദൃക്‌സാക്ഷികള്‍ പറയുന്നു. റാന്നി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *