രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി എംപിമാര്‍ക്കെതിരെ കേസ്.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിജെപി എം പി സുബ്രത് പതക്കിനെതിരെയും കേസെടുത്തു.
കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വീഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് ചാനലിലെ അവതാരകന് രോഹിത് രഞ്ജന്റെ വീട്ടില്‍ ഛത്തീസ്ഗഡ് പൊലീസ് എത്തിയിട്ടുണ്ടെന്നും അവതാരകനെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. വയനാട്ടിലെ തന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ കുറിച്ച് ‘കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല’ എന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശം ഉദയ്പൂരില്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന തരത്തില്‍ വ്യാജമായി വീഡിയോ പ്രചരിപ്പിച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
