മുംബൈ: ഏക്നാഥ് ഷിന്‍ഡെയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശാരിയുടെ നടപടിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയില്‍.
തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയതിനെയും താക്കറെ വിഭാഗം നേതാവ് സുഭാഷ് ദേശായി കോടതിയില്‍ ചോദ്യം ചെയ്തു. അയോഗ്യതാ നടപടികള്‍ നേരിടുന്ന 16 എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് താക്കറെ പക്ഷത്തിന്റെ വാദം.
വിമത നീക്കത്തിനൊടുവില്‍ ജൂണ്‍ 30നാണ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലു ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസ വോട്ടെടുപ്പില്‍ 288 ല്‍ 164 വോട്ടുകള്‍ നേടി വിജയിക്കുകയും ചെയ്തു. എതിര്‍പക്ഷത്തിന് 99 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അധികാരത്തിലേറിയതോടെ ശിവസേന പിടിക്കാനുള്ള ശ്രമമാണ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
16 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ നേരത്തെയുണ്ട്. കേസുകള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.
