നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയില്‍ വിവാഹ വാഗ്ദ്ധാനം നല്‍കി പറ്റിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കാമുകി അറസ്റ്റില്‍.
നാഗര്‍കോവില്‍ വടശേരി സ്വദേശി രതീഷ് കുമാറിനെ (35) കൊലപ്പെടുത്തിയ മണവാളക്കുറിച്ചി സ്വദേശി മോഹന്റെ ഭാര്യ ഷീബയെയാണ് (37) പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനായ രതീഷ് കുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്ബ് ജോലിക്കായി ആരുവാമൊഴിയിലെ ഇ.എസ്.ഐ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്നുവാങ്ങാനെത്തിയ ഷീബയുമായി അടുപ്പത്തിലായത്. 2017ല്‍ രതീഷ് കുമാര്‍ ഷീബയെ ശല്യപ്പെടുത്തുന്നതായി ഭര്‍ത്താവ് മോഹന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഷീബ ഇക്കാര്യം നിഷേധിച്ചതോടെ പൊലീസ് രതീഷ് കുമാറിനെ വെറുതെവിട്ടു. മോഹനെ ഡിവോഴ്സ് ചെയ്‌താല്‍ വിവാഹം ചെയ്യാമെന്ന് രതീഷ് കുമാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഷീബ ബന്ധംപിരിഞ്ഞു. എന്നാല്‍ കുറച്ചുനാള്‍ മുമ്ബ് രതീഷ് കുമാര്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചശേഷം ഷീബയോടുള്ള അടുപ്പം അവസാനിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്‌ച ജന്മദിനമായതിനാല്‍ ഉച്ചഭക്ഷണം താന്‍ കൊണ്ടുവരാമെന്നും ഒരുമിച്ച് കഴിക്കാമെന്നും ഷീബ രതീഷ് കുമാറിനോട് പറഞ്ഞു.
ചോറില്‍ ഉറക്കഗുളിക പൊടിച്ച് ചേര്‍ത്ത ഷീബ ആരുവാമൊഴി ഇ.എസ്.ഐ ആശുപത്രിയിലെത്തി ഭക്ഷണം രതീഷ് കുമാറിന് നല്‍കി. ഭക്ഷണം കഴിച്ച രതീഷ് ബോധരഹിതനായപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് 30 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം ഷീബ പൊലീസിനെ അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനായി ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
