ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും

യുഎഇ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിര്‍വഹിച്ച മലയാളികളുടെ ആദ്യ ബാച്ച്‌ നാളെ കൊച്ചിയിലേക്ക് മടങ്ങും.

ഹജ്ജിന് മുമ്ബ് മദീന സന്ദര്‍ശിക്കാത്ത ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മദീന സന്ദര്‍ശനവും നാളെ ആരംഭിക്കും.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് എത്തിയ തീര്‍ത്ഥാടകര്‍ നാളെ നാട്ടിലേക്ക് മടക്കയാത്ര ആരംഭിക്കും. ആദ്യ ദിവസം ജിദ്ദയില്‍ നിന്ന് നാല് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ കൊച്ചിയിലേക്കും ഒരെണ്ണം ഡല്‍ഹിയിലേക്കും ഒരെണ്ണം ശ്രീനഗറിലേക്കും ആണ്. ജൂണ്‍ നാലിന് ആദ്യ ഹജ്ജ് വിമാനത്തില്‍ കേരളത്തില്‍ നിന്നെത്തിയ 377 തീര്‍ത്ഥാടകര്‍ നാളെ കൊച്ചിയിലേക്ക് മടങ്ങും.

ജിദ്ദയില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനം രാത്രി 10.45ന് കൊച്ചിയിലെത്തും. മന്ത്രി വി അബ്ദുറഹ്മാന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സംഘത്തെ സ്വീകരിക്കും. സൗദി എയര്‍ലൈന്‍സ് കേരളത്തിലേക്ക് ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. നാട്ടിലെത്തുന്ന ഓരോ ഹാജിക്കും 5 ലിറ്റര്‍ സംസം വിമാനത്താവളത്തില്‍ വിതരണം ചെയ്യും. നേരത്തെ, സൗദി എയര്‍ലൈന്‍സ് വിമാനത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സംസം എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *